News >> കത്തോലിക്കാ സഭയില്‍ വികേന്ദ്രീകരണം ആവശ്യമുണ്ട്: ഫ്രാന്‍സീസ് മാര്‍പാപ്പ
ഫാ. ജോസഫ് സ്രാമ്പിക്കല്‍
വത്തിക്കാന്‍ സിറ്റി: ആരോഗ്യകരമായ വികേന്ദ്രീകരണം കത്തോലിക്കാസഭയില്‍ ആവശ്യമുണ്െടന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാന്‍ സിനഡ് ആരംഭിച്ചതിന്റെ സുവര്‍ണ ജുബിലി ആഘോഷവേളയില്‍ ഇന്നലെ പോള്‍ ആറാമന്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. രൂപതാധ്യക്ഷന്മാരുടെ കീഴില്‍ വരുന്ന എല്ലാ കാര്യങ്ങളും വിവേചിക്കാനായി അവര്‍ക്കു പകരം നില്‍ക്കുന്ന ആളല്ല മാര്‍പാപ്പ.
സഭയില്‍ കര്‍ത്താവ് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന ദൌത്യമാണു നിര്‍വഹിക്കപ്പെടേണ്ടത്. മാര്‍പാപ്പ തനിയെയോ സഭയ്ക്കുപരിയായോ നില്‍ക്കുന്നില്ല മറിച്ച്, മാമ്മോദീസാ മുങ്ങിയവരുടെ ഇടയില്‍ മാമ്മോദീസാ മുങ്ങിയവനായും, മെത്രാന്മാരുടെ കൂട്ടായ്മയില്‍ മെത്രാന്‍മാരില്‍ ഒരുവനായും സഭയ്ക്കുള്ളിലാണു മാര്‍പാപ്പ നില്‍ക്കുന്നത്.
അതേസമയം എല്ലാ സഭകളുടെയും കൂട്ടായ്മയില്‍ സ്നേഹത്തിന്റെ അധ്യക്ഷത വഹിക്കുന്ന റോമായിലെ സഭയെ നയിക്കാനും മാര്‍പാപ്പ വിളിക്കപ്പെട്ടിരിക്കുന്നു. സഭകളുടെ ഐക്യത്തിനായി മാര്‍പാപ്പയുടെ അധികാരവിനിയോഗത്തിന്റെ രീതി പുനഃപരിശോധിക്കേണ്ടത് അടിയന്തരവും അത്യാവശ്യവുമാണ്. മാര്‍പാപ്പയുടെ ദൌത്യത്തിനുവേണ്ട അത്യാവശ്യകാര്യങ്ങളൊന്നും ഉപേക്ഷിക്കാതെ ഒരു പുതിയ ശുശ്രൂഷാരീതി മാര്‍പാപ്പ സ്വീകരിക്കും. ഇത്തരത്തിലുള്ള പുനഃപരിശോധനകള്‍ സഭയുടെ സമ്പൂര്‍ണ ഐക്യത്തിന് കാരണമാകും.
മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍നിന്നു ദൈവം പ്രതീക്ഷിക്കുന്നത് മെത്രാന്‍മാരുടെ ഒന്നിച്ചുള്ള നടത്തമാണ്. നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത് വൈരുധ്യങ്ങളുടെ ഇടയിലും സ്നേഹിക്കാനും ശ്രുശ്രൂഷിക്കാനുമാണ്. സിനഡ് എന്ന വാക്ക് എളുപ്പമുള്ളതാണെങ്കിലും അതു പ്രായോഗികമാക്കാ അത്ര എളുപ്പമല്ല. അല്മായരും അജപാലകരും മാര്‍പാപ്പയും ഒന്നിച്ചു നടക്കണം. മാമ്മോദീസാ മുങ്ങിയ എല്ലാവരും ഒരു ആത്മീയഭവനമായും ഒരു വിശുദ്ധ പൌരോഹിത്യമായും മാറുമ്പോഴാണ് ദൈവജനമാകുന്നത്. സഭയിലെ എല്ലാതലങ്ങളിലും ആലോചന നടക്കണം. വത്തിക്കാന്‍ കൌണ്‍സില്‍ മുതല്‍ ഇപ്പോള്‍ നടക്കുന്ന സിനഡ് വരെ നമ്മെളെല്ലാവരും അനുഭവിച്ചത് ഒന്നിച്ചു നടക്കേണ്ടതിന്റെ ആവശ്യകതയും സൌന്ദര്യവുമാണ്.
കുടുംബങ്ങളുടെ സന്തോഷവും പ്രത്യാശയും വേദനയും ആകുലതയും അവരില്‍നിന്ന് കേള്‍ക്കാതെ സഭയ്ക്ക് കുടുംബങ്ങളെക്കുറിച്ചു സംസാരിക്കുവാന്‍ സാധിക്കുകയില്ല. സിനഡല്‍ സഭ കേള്‍ക്കുന്ന സഭയാണ്. കേള്‍വിയിലൂടെയാണ് ഓരോരുത്തര്‍ക്കും പഠിക്കാന്‍ സാധിക്കുന്നത്. ഓരാരുത്തരും മറ്റുള്ളവരെ കേള്‍ക്കുന്നു. എല്ലാവരും ഒന്നുചേര്‍ന്നു സത്യത്തിന്റെ ആത്മാവിനെ കേള്‍ക്കുന്നു.
സഭയുടെ വിവിധ തരത്തിലുള്ള കേള്‍വിയുടെ മകുടമാണ് സിനഡിലെ കേള്‍വി. വിശ്വാസികളെയും ഇടയന്മാരെയും അവസാനം റോമിന്റെ മെത്രാനായ മാര്‍പാപ്പയെയും കേള്‍ക്കുന്നു. മെത്രാന്‍മാര്‍ സഭ മുഴുവന്റെയും വിശ്വാസത്തിന്റെ കാവല്‍ക്കാരും വ്യാഖ്യാതാക്കളും സാക്ഷികളുമാണ്.
മാര്‍പാപ്പ വ്യക്തിപരമായ ബോധ്യങ്ങളല്ല സംസാരിക്കുന്നത് മറിച്ച് സഭ മുഴുവന്റെയും വിശ്വാസത്തിന്റെ മഹത്തായ സാക്ഷി എന്ന നിലയില്‍ സഭയുടെ ദൈവഹിതത്തോടും മിശിഹായുടെ സുവിശേഷത്തോടും സഭയുടെ പാരമ്പര്യത്തോടുമുള്ള അനുസരണത്തിന്റെ ഉറപ്പാണ്.
സഭയില്‍ അധികാരം വിനിയോഗിക്കുന്നവരെ വിളിക്കുന്നത് ശുശ്രൂഷകരെന്നാണ്. അവരെല്ലാവരിലും വച്ച് ഏറ്റവും ചെറിയവരാണ്. പ്രത്യേകിച്ചും മെത്രാന്‍മാര്‍. ശ്ളീഹന്‍മാരുടെ കാലുകള്‍ കഴുകാനായി സ്വയം കുനിഞ്ഞ ഈശോയുടെ പ്രതിനിധിയാണ് അവര്‍. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ പത്രോസിന്റെ പിന്‍ഗാമി ദൈവത്തിന്റെ ദാസന്മാരുടെ ദാസനാണ്.
ഈശോയുടെ ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം ഇന്നലെയും ഇന്നും എന്നും അവരുടെ ഏക അധികാരം ശുശ്രൂഷയുടെ അധികാരമാണ്, എക ശക്തി കുരിശിന്റെ ശക്തിയാണ്.
സിനഡില്‍ സഭ രാഷ്ട്രങ്ങളുടെ ഇടയില്‍ ഉയര്‍ത്തപ്പെട്ട ഒരു ദീപശിഖ പോലെയാണ്. ചരിത്രത്തിന്റെ ദുരിതങ്ങളില്‍ പങ്കുപറ്റി മനുഷ്യരോട് ഒപ്പം നടക്കുന്ന സഭ വരാനിരിക്കുന്ന തലമുറകള്‍ക്ക് കൂടുതല്‍ മനോഹരവും യോഗ്യവുമായ ഒരു ലോകത്തെ നല്‍കാനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. Source: Deepika