News >> സന്തോഷത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും രക്ഷയുടെയും ഉറവിടമായ സുവിശേഷം പ്രഘോഷിക്കുക


സന്തോഷത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും രക്ഷയുടെയും ഉറവിടമായ സുവിശേഷം പ്രഘോഷിക്കുവാന്‍ പാപ്പാ എല്ലാ ക്രൈസ്തവരേയും ആഹ്വാനം ചെയ്തു.

ഞായറാഴ്ച ആഘോഷിച്ച ലോക മിഷന്‍ദിനത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ ആഹ്വാനം. മിഷന്‍ എന്നത് യേശുവിനോടും ദൈവജനത്തോടുമുള്ള അതിയായ തീക്ഷതയും താത്പര്യവുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളെ നേരിടുന്നതിനുള്ള വെല്ലുവിളിയും അതതു സംസ്കാരങ്ങളുടെ മൂല്യങ്ങളെ സംരക്ഷിക്കുക എന്നതും മിഷന്‍ ഇന്ന് അഭിമുഖീകരിക്കേണ്ടി വരുന്ന  പ്രധാന കാര്യങ്ങളാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.   

ദൈവാനുഭവ സന്ദേശത്തിന്‍റെ സംരക്ഷകനും പ്രഘോഷകനുമാണ് ഒരു മിഷനറിയെന്നു കൊണ്‍സൊലാത്താ മിഷനറിമാരുടെ ജനറല്‍ കൗണ്‍സിലര്‍ ഫാദര്‍ ഊഗോ പൊത്സോളി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ പറഞ്ഞു. ലോകമിഷന്‍ദിനം ഒരു സഭയുടെ മിഷനറി ദൗത്യത്തെ ഉണര്‍ത്തുന്നതാണെന്നും, മിഷനറി അല്ലാത്ത സഭ വളരുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഷനറിമാര്‍ പ്രാന്തപ്രദേശങ്ങളിലേയ്ക്ക് കടന്നുചെല്ലണമെന്നും കൂടുതല്‍ മനുഷ്യത്വപരമായ ഇടപെടലുകള്‍ വേണമെന്നും അല്മായരുടെ സാന്നിദ്ധ്യം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നും ഫാദര്‍ പൊത്സോളി പറഞ്ഞു. 

Source: Vatican Radio