News >> ദൈവമാതൃഭക്തി അമൂല്യമായ പൈതൃകം: മാര്‍ താഴത്ത്

വത്തിക്കാന്‍ സിറ്റി: ദൈവമാതാവിനോടുള്ള ഭക്തി കത്തോലിക്കാസഭയുടെ അമൂല്യമായ പൈതൃകമാണെന്നും അതു സീറോ മലബാര്‍ പ്രവാസികള്‍ അതേപടി തുടര്‍ന്നുകൊണ്ടു പോകണമെന്നും തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. റോമിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടനകേന്ദ്രമായ ദിവിനാമോറെയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സുവിശേഷസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സാന്തോം സീറോ മലബാര്‍ ഇടവകയുടെ ജപമാല മാസാചരണവും കൊരട്ടിമുത്തിയുടെ തിരുനാളും സംയുക്തമായി ഞായറാഴ്ച ആഘോഷിച്ചു. കേരളത്തിലെ അനേകം കത്തോലിക്കാ ദൈവാലയങ്ങള്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുള്ളതാണെന്നും അനുദിനമുള്ള ജപമാല പ്രാര്‍ഥന കുടുംബത്തെ താങ്ങിനിര്‍ത്തുകയും ഐശ്വര്യമുള്ളതാക്കിത്തീര്‍ക്കുകയും ചെയ്യുന്നുവെന്നും മാര്‍ താഴത്ത് കൂട്ടിച്ചേര്‍ത്തു. മോണ്‍. സ്റീഫന്‍ ചിറപ്പണത്ത്, മോണ്‍. പിയര്‍ പൌളോ, ഫാ. വിന്‍സെന്റ് പള്ളിപ്പാടന്‍, ഫാ. ബിജു മുട്ടത്തുകുന്നേല്‍, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ജോജോ കുറ്റിക്കാടന്‍, ഫാ. ഷെറന്‍സ് ഇളംതുരുത്തി, ഫാ. സതീഷ് തെക്കേത്തല, ഫാ. അജി ചുങ്കത്ത് തുടങ്ങിയവര്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയിലും ജപമാല പ്രദിക്ഷണത്തിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കുചേര്‍ന്നു. Source: Deepika