News >> വിദ്വേഷത്തോടും പ്രതികാരനടപടികളോടും അരുതു പറയാന്‍ ധീരതയാവശ്യം: പാപ്പാ


വിശുദ്ധനാട്ടില്‍ ശക്തമായിരിക്കുന്ന സംഘര്‍ഷാവസ്ഥയെ താന്‍ വലിയ ആശങ്കയോടെയാണ് വീക്ഷക്കുന്നതെന്ന് പാപ്പാ.

ഞായറാഴ്ച (18/10/15) വത്തിക്കാനില്‍ വിശുദ്ധപത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ വച്ച് ലിസ്യൂവിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടെ മാതാപിതാക്കളുള്‍പ്പെടെ നാലു പേരെ, -- ലൂയി മാര്‍ട്ടിന്‍ സെലീ ഗ്വേരിന്‍  ദമ്പതികളെയും,ഇറ്റലിസ്വദേശിയായ രൂപതാവൈദികന്‍ വിന്‍ചേന്‍സൊ ഗ്രോസ്സി, കുരിശിന്‍റെ സമൂഹത്തിന്‍റെ സഹോദരികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ പൊതുശ്രേഷ്ഠയായിരുന്ന സ്പെയിന്‍ സ്വദേശിനി അമലോത്ഭവത്തിന്‍റെ മരിയ സാല്‍വത്ത് റൊമേരൊ എന്നിവരെയും -- വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തിന്‍റെ സമാപനത്തില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പാണ് ഫ്രാന്‍സിസ് പാപ്പാ വിശുദ്ധനാടിന്‍റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു സംസാരിച്ചത്. 

വിദ്വേഷത്തോടും പ്രതികാരനടപടികളോടും അരുതെന്നു പറയാനും സമാധാന യത്നങ്ങള്‍ നടത്താനും  ഏറെ ധൈര്യവും അത്യധി കമായ ആത്മശക്തിയും ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. അക്രമത്തെ ചെറുക്കാനും പരിമുറുക്കങ്ങള്‍ക്കയവു വരുത്തുന്നതിനുള്ള സമൂര്‍ത്ത നടപടികള്‍ സ്വീകരിക്കാനുമുള്ള ധൈര്യം സകലരിലും - ഭരണാധികാരികളിലും പൗരന്മാരിലും -  ദൈവം ശക്തിപ്പെടുത്തുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

വിശുദ്ധനാടിന്‍റെ ശാന്തി, മദ്ധ്യപൂര്‍വ്വദേശത്തെ ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ എന്നത്തെക്കാളുപരി നിര്‍ണ്ണായകമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

Source: Vatican Radio