News >> പിന്നോട്ടല്ല മുന്നോട്ടു പോകാന്‍ യത്നിക്കേണ്ടവന്‍ ക്രൈസ്തവന്‍
ക്രൈസ്തവന്‍ കര്‍ത്താവിനെ സേവിക്കാന്‍ ഹൃദയ-ആത്മ-ശരീരങ്ങളോടു കൂടി നടത്തുന്ന യത്നം പരിശുദ്ധാരൂപിക്ക് ഹൃദയം തുറന്നു കൊടുക്കലാണെന്ന് മാര്‍പ്പാപ്പാ. വത്തിക്കാനില്‍ വ്യാഴാഴ്ച(22/10/15) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ നല്കിയ സുവിശേഷസന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇതു പറഞ്ഞത്. പിന്നോക്കം പോകാനല്ല, അധര്‍മ്മങ്ങളിലേക്കു വീണ്ടും മടങ്ങാനല്ല മറിച്ച് മുന്നോട്ടു പോകാന്‍, ക്രിസ്തു വാഗ്ദാനം നമുക്ക് ചെയ്തിട്ടുള്ള അവിടന്നുമായുള്ള കൂടിക്കാഴ്ചയെന്ന ദാനത്തിലേക്ക് അനുദിനം നടന്നടുക്കാന്‍ ഈ പരിശ്രമം നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. രോഗമില്ലാത്തവളെപ്പോലെ ഓടിനടന്ന് എല്ലാം ആനന്ദത്തോടെ ചെയ്യുന്ന അര്‍ബുദരോഗിയായ ഒരു കുടുംബിനിയെ ഒരിക്കല്‍ താന്‍ കണ്ടുമുട്ടിയപ്പോള്‍ ആ സ്ത്രീ "പിതാവേ, അര്‍ബുദത്തെ ജയിക്കാന്‍ ഞാന്‍ എനിക്കാവുന്നതൊക്കെ ചെയ്യുകയാണ്" എന്ന് പറഞ്ഞത് അനുസ്മരിച്ച പാപ്പാ, ക്രൈസ്തവന്‍റെ ജീവിതം ഇത്തരത്തിലുള്ള പരിശ്രമത്തിന്‍റെതായിരിക്കണം എന്ന് ഓര്‍മ്മിപ്പിച്ചു. പിന്നോട്ടു പോകാനുള്ള പ്രലോഭനത്തെ ജയിക്കേണ്ടതിന്‍റെ ആവശ്യകതയെ ക്കുറിച്ച് പാപ്പാ ഹെബ്രായര്‍ക്കുള്ള ലേഖനത്തിലെ വാക്കുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. നമ്മുടെ ബലഹീനതയും, ജന്മപാപവും മൂലം മുന്നോട്ടു പോകുക നമുക്ക് ആയാസകരമാണെന്ന് തിരിച്ചറിഞ്ഞ സാത്താന്‍ നമ്മെ പിന്നോട്ടു വലിക്കാന്‍ സദാ ശ്രമിക്കുമെന്ന മുന്നറിയിപ്പും പാപ്പാ നല്കി.Source: Vatican Radio