News >> കാലം മാറുന്നു, ക്രൈസ്തവനും പരിവര്‍ത്തന വിധേയനാകുക-പാപ്പാ
മാറിക്കൊണ്ടിരിക്കുന്ന കാലത്തില്‍ കൈസ്തവരും സ്വാതന്ത്ര്യത്തോടു കൂടി വിശ്വാസസത്യത്തില്‍ നിരന്തര പരിവര്‍ത്തനത്തിന് വിധേയരാകണമെന്ന് മാര്‍പാപ്പാ ഉദ്ബോധിപ്പിക്കുന്നു. വത്തിക്കാനില്‍, വെള്ളിയാഴ്ച (23/10/15) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ വായിക്കപ്പെട്ട, യേശു കാലത്തിന്‍റെ അടയാളങ്ങള്‍ വിവേചിച്ചറിയാന്‍ ജനക്കൂട്ടത്തെ ഉപദേശിക്കുന്ന സുവിശേഷഭാഗം, (ലൂക്കാ. 12: 54 -59) വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. കാലം മാറുന്നു; അപ്പോള്‍ ക്രൈസ്തവനാകട്ടെ ക്രിസ്തുവിന്‍റെ ഹിതം നിറവേറ്റുകയെന്ന അവന്‍റെ കടമ നിര്‍വ്വഹിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. പുറത്തു നടക്കുന്ന കാര്യങ്ങളെ വിധിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട് എന്നാല്‍ ആ വിധി നടത്തണമെങ്കില്‍ പുറത്തു നടക്കുന്നത് എന്താണ് എന്ന് നാം ശരിയായി മനസ്സിലാക്കണമെന്നും ഈ അറിയലിനെയാണ് സഭ കാലത്തിന്‍റെ അടയാളങ്ങള്‍ വിവേചിച്ചറിയുക എന്നു പറയുന്നതെന്നും പാപ്പാ വിശദീകരിച്ചു. കാലത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിയുകയെന്നത് നിരവധിയായ ബാഹ്യകാരണങ്ങളാല്‍ ആയാസകരമായ ഒരു കാര്യമാണെന്നും തന്‍മൂലം അതു ചെയ്യാതെ നാം ഒഴിഞ്ഞുമാറുന്ന പ്രവണതയുണ്ടെന്നും പാപ്പാ സൂചിപ്പിച്ചു.Source: Vatican Radio