News >> മദ്ധ്യപൂര്‍വ്വദേശത്തെ ആയുധങ്ങളാല്‍ നിറയ്ക്കരുത്
മദ്ധ്യപൂര്‍വ്വദേശം ആയുധങ്ങളാല്‍ നിറയ്ക്കുന്നതിനു പകരം ആ പ്രദേശത്തിന് ധീരവും പക്ഷപാതരഹിതവും സ്ഥായിയുമായ ചര്‍ച്ചകളാലും മദ്ധ്യസ്ഥശ്രമങ്ങളാലും ഉത്തേജനം പകരാന്‍, അന്താരാഷ്ട്രസമൂഹം ശ്രമിക്കണമെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔസ്സാ. അമേരിക്കന്‍ ഐക്യനാടുകളില്‍, ഐക്യരാഷ്ട്രസഭയുടെ, കേന്ദ്ര ആസ്ഥാനമായ ന്യുയോര്‍ക്കില്‍ യു.എന്‍ സുരക്ഷാസമിതി മദ്ധ്യപൂര്‍വ്വദേശത്തെ അവസ്ഥയെ അധികരിച്ച് സംഘടിപ്പിച്ച ഒരു തുറന്ന ചര്‍ച്ചയില്‍ വ്യാഴാഴ്ച (22/10/15) സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തീനിയന്‍ പ്രശ്നമുള്‍പ്പടെയുള്ള മദ്ധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷാവസ്ഥയുടെ ചരിത്രത്തിന് ഐക്യരാഷ്ട്രസഭയുടെ പിറവിയോളംതന്നെ പഴക്കമുണ്ടെന്ന വസ്തുത അനുസ്മരിച്ച ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔസ്സാ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലയെന്നു മാത്രമല്ല അനിയന്ത്രിതമായിരിക്കയാണെന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള മതങ്ങളെയും വംശങ്ങളെയും സംസ്ക്കാരങ്ങളെയും മദ്ധ്യപൂര്‍വ്വദേശത്തുനിന്ന് തൂത്തെറിയാന്‍ തീവ്രവാദികള്‍ നടത്തുന്ന ശ്രമങ്ങളിലും വിശിഷ്യ IS തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ക്രൈസ്തവരുടെ അവസ്ഥയിലും അദ്ദഹം ഉത്ക്കണ്ഠ രേഖപ്പെടുത്തി.Source: Vatican Radio