News >> മാനുഷിക ദുരിതങ്ങളില്‍ ദൈവികസ്പര്‍ശം തിരിച്ചറിയുക: മാര്‍പാപ്പ
വത്തിക്കാനില്‍നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍
ഓരോ മാനുഷിക ദുരിതവും പ്രതിസന്ധിയും ദൈവത്തിനു കരുണ കാണിക്കാനുള്ള വേദിയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. കുടുംബം പ്രധാന ചര്‍ച്ചാവിഷയമായി ഒക്ടോബര്‍ നാലിന് ആരംഭിച്ച മെത്രാന്മാരുടെ സിനഡിന്റെ പതിനാലാമതു സാധാരണ സമ്മേളനം ഔദ്യോഗികമായി സമാപിക്കുന്നതിനോടനുബന്ധിച്ച് ഇന്നലെ പ്രാദേശിക സമയം രാവിലെ പത്തിനു വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.
ദൈവത്തിന്റെ കരുണയാണു മനുഷ്യകുലത്തെ രക്ഷിക്കുന്നത്. ഈ കാലഘട്ടം ദൈവകരുണയുടേതാണ്. വിമോചനം നല്‍കുന്ന വചനങ്ങള്‍ ആവര്‍ത്തിക്കുകയും ദൈവത്തിന്റെ ഹൃദയത്തെ അനുകരിക്കുകയും ചെയ്യുകയാണു സമകാലീന അജപാലകരുടെ ദൌത്യം. ദൈവിക രക്ഷയുടെ ഫലമാണു സന്തോഷം. വിശ്വാസികളും അജപാലകരും അനുദിനം ഈ സന്തോഷം അനുഭവിക്കുന്നു. ദൈവത്തിന്റെ ആര്‍ദ്രത തെറ്റിലും അജ്ഞതയിലും ജീവിക്കുന്നവര്‍ക്കു ലഭിക്കും. പുതിയതും നിത്യവുമായ ദൈവിക ഉടമ്പടിയുടെ ഫലമാണു രക്ഷ. വ്യക്തിയുമായി ജീവദായകമായ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ദൈവം ആഗ്രഹിക്കുന്നു. നമുക്ക് നമ്മിലുള്ള വിശ്വാസത്തെക്കാള്‍ കൂടുതലായി അവന്‍ നമ്മില്‍ വിശ്വസിക്കുന്നു.
ദൈവത്തിന്റെ ചാരത്തു നില്‍ക്കുമ്പോഴും അവനില്‍നിന്ന് അകന്നു ജീവിക്കുന്നവര്‍ ധാരാളമുണ്ട്. ദുരിതമനുഭവിക്കുന്നവരുടെയും പ്രതിസന്ധിയിലായിരിക്കുന്നവരുടെയും നിലവിളിക്കു മുന്നില്‍ നില്‍ക്കുന്നവനാണ് അവന്‍. ആവശ്യക്കാരായ എല്ലാവരെയും രക്ഷയില്‍ ഉള്‍പ്പെടുത്താന്‍ ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍, ശിഷ്യന്മാര്‍ അങ്ങനെ ചെയ്യാന്‍ തയാറാകുന്നില്ല. അവര്‍ നിലവിളിക്കുന്നവരെ ശകാരിക്കുന്നു. ജനങ്ങളുടെ ജീവിതത്തില്‍ വേരുറപ്പിക്കാന്‍ അറിയാത്ത വിശ്വാസമാണ് ഇത്തരക്കാരുടേത്. നിത്യജീവിതത്തിന്റെ കാഴ്ചയില്ലാത്ത എല്ലാവരും കാഴ്ച വീണ്െടടുക്കുകയും സുവിശേഷം കാണിക്കുന്ന വഴിയിലൂടെ ഒന്നിച്ചുനടക്കുകയും വേണം. അതിനു സൌഖ്യമാക്കപ്പെട്ടതും രക്ഷിക്കപ്പെട്ടതുമായ ഒരു കാഴ്ച ആവശ്യമാണ്. ഇങ്ങനെയുള്ളവരിലാണ് ദൈവമഹത്വം പ്രതിഫലിക്കുന്നതെന്നും ജീവനുള്ള മനുഷ്യരായി മാറുന്നതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീ
റോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഗോവ ആര്‍ച്ച്ബിഷപ് ഫിലിപ്പ് നേരി ഫെറാവോ, ഷില്ലോംഗ് ആര്‍ച്ച്ബിഷപ് ഡൊമനിക് ജാല, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റര്‍ പൊന്നുമുത്തന്‍ എന്നിവരടക്കം 270 സിനഡ് പിതാക്കന്മാര്‍ മാര്‍പാപ്പയോടൊപ്പം വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികത്വം വഹിച്ചു.
കൃതജ്ഞതയുടെയും ആഹ്ളാദത്തിന്റെയും അന്തരീക്ഷമാണ് ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലും ചത്വരത്തിലും നിറഞ്ഞുനിന്നത്. ശനിയാഴ്ച വൈകുന്നേരം സിനഡ് പാസാക്കിയ അവസാനരേഖ സാര്‍വത്രികസഭ വലിയ ആവേശത്തോടെയാണു സ്വീകരിച്ചത്. സഭ ഈശോയോടും സുവിശേഷത്തോടും പാരമ്പര്യത്തോടും മുന്‍കാലപഠനങ്ങളോടും വി
ശ്വസ്തയാണെന്ന് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടാണു സിനഡ് സമാപിച്ചത്. സഭ പിന്തുടരുന്നത് ഈശോയുടെ അതേ മനോഭാവമാണ്. ആരെയും ഒഴിവാക്കാതെ എല്ലാവരെയും സ്വീകരിച്ചു മാനസാന്തരത്തിലേക്കു നയിച്ചു നിത്യജീവിതത്തിലേക്ക് എത്തിക്കുക എന്നുള്ളതാണു സഭയുടെ ദൌത്യം. സഭയുടെയും സഭയുടെ അജപാലകരുടെയും ദൌത്യം ആരെയും വിധിക്കുക എന്നുള്ളതല്ല; മറിച്ച് ആര്‍ദ്രതയോടെ എല്ലാവരുടെയും ഒപ്പം നടക്കുക എന്നുള്ളതാണ്. അതിനായി ഒരു നവീകരണം സഭയ്ക്കും സഭയുടെ എല്ലാ മേഖലയിലും ഉണ്ടാകണമെന്നും 94 ഖണ്ഡികകളുള്ള സിനഡിന്റെ അവസാന രേഖ വ്യക്തമാക്കുന്നു. കേരളത്തിലെ കത്തോലിക്കാസഭയില്‍നിന്ന് ഒരു അല്മായ പ്രതിനിധി ഉള്‍പ്പെടെ ആറുപേരാണ് മെത്രാന്‍ സിനഡില്‍ സംബന്ധിച്ചത്.
Source: Deepika