News >> ബഹിരാകാശ ആയുധമത്സരം നിരോധിക്കപ്പെടണം.


ബഹിരാകാശത്ത് ആയുധങ്ങള്‍ വിന്യസിക്കാനുള്ള മത്സരങ്ങള്‍ നിരോധിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കാന്‍ പരിശുദ്ധസിംഹാസനം ആഹ്വാനം ചെയ്യുന്നു.

     ബഹിരാകാശ കേന്ദ്രീകൃത ആയുധമത്സരങ്ങള്‍ തടയുന്നതിനെ അധികരിച്ച്  യു.എന്‍ പൊതുസഭയുടെ എഴുപതാമത്തെ പൊതുയോഗത്തില്‍ വെള്ളിയാഴ്ച (23/10/15) സംസാരിച്ച, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔസ്സയാണ് ഈ ആഹ്വാനമേകിയത്.

     ബഹിരാകാശത്ത് കൃത്രിമ ഉപഗ്രഹങ്ങള്‍ എത്തിച്ചുകൊണ്ട് മനുഷ്യന്‍ അവയെ അനുദിനജീവിതത്തില്‍ പലവിധത്തില്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചു  വിവരിച്ച അദ്ദേഹം എന്നാല്‍ സൈനികലക്ഷ്യങ്ങളോടുകൂടി ഈ ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ബഹിരാകശത്തു നടക്കുന്ന സൈനികവത്ക്കരണ യത്നങ്ങളെക്കുറിച്ച് അന്താരാഷ്ട്രസമൂഹത്തിന് ഇന്ന് അവബോധമുണ്ടെന്നും പറഞ്ഞു.

     ശൂന്യാകാശത്തുള്ള വസ്തുക്കളെ നശിപ്പിക്കുകയും ഭൂമിയിലെ ചില ലക്ഷ്യ സ്ഥാനങ്ങള്‍ ആക്രമിക്കുകയും ചെയ്യുന്നതിനു പര്യാപ്തമായ സംവിധാനങ്ങള്‍ ബഹിരാകാശത്തൊരുക്കാന്‍ ചില നാടുകള്‍ ചിന്തിക്കുന്നതിനെക്കുറിച്ചും  ആര്‍ച്ചു ബിഷപ്പ് ഔസ്സ സൂചിപ്പിച്ചു.

     ബഹിരാകശത്ത് പ്രവര്‍ത്തനനിരതമായ ആയുധസംവിധാനങ്ങളും ബഹിരാകാശത്തെ ആയുധപരീക്ഷണവും, അവയുടെ സ്വഭാവം എന്തുതന്നെയായാലും നിരോധിക്കപ്പെടണമെന്ന് അദ്ദേഹം അസന്ദിഗ്ദമായി പ്രസ്താവിച്ചു.

Source; Vatican Radio