News >> ലാറ്റിനമേരിക്കന്‍ വിശുദ്ധയെ പാപ്പാ അനുസ്മരിച്ചു
പെറുവിലെ ലീമായില്‍ 17-ാം നൂറ്റാണ്ടില്‍ വിരിഞ്ഞ വിശുദ്ധിയുടെ നിറപുഷ്പവും പെറുവിന്‍റെ ദേശീയമദ്ധ്യസ്ഥയുമാണ് വിശുദ്ധ റോസ് ദെ ലീമ!ഒക്ടോബര്‍ 25-ാം തിയതി വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാല പ്രാര്‍ത്ഥാനാ സന്ദേശത്തിനുശേഷം റോമാ നഗരവാസികളെയും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുംമായി ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും പ്രത്യേകമായി പാപ്പാ അഭിവാദ്യംചെയ്തു.പെറുവിന്‍റെ മദ്ധ്യസ്ഥയായ വിശുദ്ധ റോസ് ദെ ലീമായുടെ ചിത്രവുമേന്തി റോമിന്‍റെ വീഥികളിലൂടെ പ്രദക്ഷിണമായി വത്തിക്കാനിലെത്തിയ ഇറ്റലിയിലെ പെറൂവിയന്‍ സമൂഹത്തെയും, സാഹോദര്യത്തിന്‍റെ കൂട്ടായ്മ പ്രകടമാക്കിയ അവരുടെ വിശ്വാസസാക്ഷ്യത്തെയും തന്‍റെ വാക്കുകളിലൂടെയും നിറപുഞ്ചിരിയോടെയും പാപ്പാ അഭിനന്ദിച്ചു! വിയെന്നായിലെ
മാന്‍ഹാര്‍ട്ട്സ് ബേര്‍ഗില്‍നിന്നും, സ്വിറ്റ്സര്‍ലണ്ടിലെ ഫ്രൈബൂര്‍ഗില്‍നിന്നും റോമിലെത്തി പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ധനശേഖരാര്‍ത്ഥം സംഗീത പരിപാടികള്‍ അവതരിപ്പിച്ചതിന് സംഘങ്ങളെ പാപ്പാ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദിപറയുകയുംചെയ്തു. പിന്നെ, വിശുദ്ധ യോഹന്നാന്‍റെ,
St. John of God-ന്‍റെ നാമത്തില്‍ ഇറ്റലിയിലെ ഹോസ്പിറ്റലുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകരുടെ വലിയ സാന്നിദ്ധ്യത്തെ പ്രത്യേകമായി അംഗീകരിക്കുക്കുയും, അവരുടെ ശുശ്രൂഷയെ പാപ്പാ പ്രശംസിക്കുകകയും ചെയ്തു.
തുടര്‍ന്ന് ജനങ്ങള്‍ക്കൊപ്പം ത്രികാലപ്രാര്‍ത്ഥനചൊല്ലി . പിന്നെ ചത്വരം തിങ്ങിനിന്ന ജനാവലിക്ക് പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.അവസാനമായി തനിക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചശേഷം, കരങ്ങള്‍ ഉയര്‍ത്തി ഏവരെയും അഭിവാദ്യം ചെയ്തുകൊണ്ടാണ് ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്.Source: Vatican Radio