News >> ലിസി ആശുപത്രിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം
കൊച്ചി: ജീവകാരുണ്യത്തിന്റെയും സാമൂഹ്യസേവനത്തിന്റെയും ദീപ്തമായ മുഖമാണു എറണാകുളം ലിസി ആശുപത്രിയയെന്നു ധനമന്ത്രി കെ.എം.മാണി. ലിസി ആശുപത്രിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആതുരസേവനരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഏറ്റവും മുമ്പിലുള്ള ലിസി ആശുപത്രി ഒട്ടനവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്െടന്നത് ആരോഗ്യമേഖലയ്ക്കു മുഴുവന്‍ മാതൃകയാണ്. പാവപ്പെട്ടവര്‍ക്കു മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി സമൂഹത്തിനും സര്‍ക്കാരിനും അഭിമാനമാണ്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു ലിസി ആശുപത്രി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്. സര്‍ക്കാരുകള്‍ ചെയ്യേണ്ട സന്നദ്ധ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലിസി ആശുപത്രി പോലുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു എന്നത് അഭിനന്ദനാര്‍ഹമാണെന്നും കെ.എം. മാണി പറഞ്ഞു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും ആശുപത്രി രക്ഷാധികാരിയുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. കാരുണ്യത്തിന്റെ ശബ്ദമായ ലിസി ആശുപത്രി സഭയിലെയും സമൂഹത്തിലെയും ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ക്കു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മിഷന്‍ ആശുപത്രിയുടെ ചൈതന്യം നിലനിര്‍ത്തുന്ന ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരെ കണ്െടത്തി അവര്‍ക്കു സൌജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയുടെ ചരിത്ര മുഹൂര്‍ത്തങ്ങളുടെ അനുസ്മരണം കെ.വി തോമസ് നിര്‍വഹിച്ചു. ലിസി കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ അവതരണം ബിഷപ് മാര്‍ തോമസ് ചക്യത്ത് നിര്‍വഹിച്ചു. ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യട്ടിന്റെ അവതരണം മന്ത്രി കെ.ബാബുവും ലിസി ഫാര്‍മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഖ്യാപനം മേയര്‍ ടോണി ചമ്മണിയും നിര്‍വഹിച്ചു. ജൂബിലി സ്മാരകമായി നടുന്ന വൃക്ഷത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് ആശുപത്രി ഡയറക്ടര്‍ ഫാ.തോമസ് വൈക്കത്തുപറമ്പിലിനു നല്‍കി.
ആശുപത്രിയില്‍ മുന്‍കാലങ്ങളില്‍ സേവനം ചെയ്ത ഡോക്ടര്‍മാരെ മുന്‍ ഡയറക്ടര്‍ ഫാ.മാത്യു മുട്ടംതൊട്ടിയില്‍ ആദരിച്ചു. ജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്ന 60 ഇനപരിപാടികളുടെ പ്രഖ്യാപനം ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നടത്തി. സിബിസിഐ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ.മാത്യു പെരുമ്പില്‍ ജൂബിലി കലണ്ടര്‍ പ്രകാശനം ചെയ്തു. ആശുപത്രി ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, എംഎല്‍എമാരായ ഹൈബി ഈഡന്‍, എസ്.ശര്‍മ, ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഫാ.വര്‍ഗീസ് ഞാളിയത്ത്, സിസ്റ്റര്‍ തെല്‍മ, ഡോ.ബാബു ഫ്രാന്‍സിസ്, സിസ്റ്റര്‍ ഡോ. സുധ എന്നിവര്‍ പങ്കെടുത്തു. ബഹുനില പാര്‍ക്കിംഗ് മന്ദിരം, ആശുപത്രി ജീവനക്കാര്‍ക്കുള്ള ഇന്‍ഷ്വറന്‍സ്, ലിസി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി വെണ്ണലയില്‍ ആരംഭിക്കുന്ന കാമ്പസ് എന്നീ പദ്ധതികളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. വജ്രജൂബിലിയോടനുബന്ധിച്ചു 350 കോടി രൂപയുടെ വികസന പദ്ധതികളാണു നടപ്പാക്കുന്നത്.
Source: Deepika