News >> പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാളിനെ കാണുവാന്‍ ജെമേലി ആശുപത്രിയിലെത്തി
കാലൊടിഞ്ഞ് റോമിലെ ജെമേലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ദ്ദിനാള്‍ റോജര്‍ മാരി എച്ചേഗരായെക്കാണാന്‍ ഒക്ടോബര്‍ 27-ാം തിയതി ചൊവ്വാഴ്ച രാവിലെയാണ് പാപ്പാ ഫ്രാന്‍സിസ് അനൗപചാരികമായി കാറില്‍ എത്തിയത്.സിനഡിന് സമാപനമായി വത്തിക്കാനില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കുശേഷം ധാരാളംപേര്‍ പാപ്പാ ഫ്രാന്‍സിസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന തിക്കിലും തിരക്കിലും പെട്ടാണ് നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍പ്രസിഡന്‍റും 93-വയസ്സുകാരനുമായ കര്‍ദ്ദിനാള്‍ എച്ചേഗരായെയുടെ കാലൊടിഞ്ഞത്.രാവിലെ തന്നെ ആശുപത്രിയിലെത്തിയ പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ എചേഗരിയുമായി കുശലം പറയുകയും, അദ്ദേഹത്തിന് പ്രാര്‍ത്ഥന വാഗ്ദാനംചെയ്യുകയും ചെയ്തു. ഏകദേശം 20 മിനിറ്റോളം പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ എച്ചേഗരായെയോടൊപ്പം ചെലവൊഴിച്ചതായി പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.തന്‍റെ കണ്‍മുന്‍പില്‍ വീണപ്പോള്‍ സഹായിക്കാന്‍ സാധിക്കാതെ പോയതില്‍ കര്‍ദ്ദിനാളിനോട് ഖേദം രേഖപ്പെടുത്തിയ പാപ്പാ ഫ്രാന്‍സിസ്, 2009-ലെ ക്രിസ്തുമസ് സായാഹ്നത്തിലും കര്‍ദ്ദിനാള്‍ എച്ചേഗരിയെ വത്തിക്കാനിലെ ബസിലിക്കയില്‍ വീണ് കാലിലെയും അരയിലെയും അസ്ഥികള്‍ ഒടിച്ച സംഭവം അനുസ്മരിക്കുകയുണ്ടായെന്ന്, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. അന്ന് പാപ്പാ ബനഡിക്ടിന്‍റെ ക്രിസ്തുമസ് ജാഗരപൂജയ്ക്ക് ഒരുക്കമായുള്ള പ്രദക്ഷിണത്തില്‍ പാപ്പായ്ക്കുനേരെ അജ്ഞാതയായ വനിത നടത്തിയ ആക്രമണത്തിന്‍റെ കോലാഹലത്തില്‍പ്പെട്ടാണ് കര്‍ദ്ദിനാള്‍ എച്ചേഗരായെ കാലൊടിച്ചതെന്നും ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിച്ചു.തുടയിലെ അസ്ഥി ശരിപ്പെടുത്തുന്ന ഓപ്പറേഷനും മറ്റു ചികിത്സയും കാത്ത് വത്തിക്കാന്‍റെ ആശുപത്രിയില്‍ കഴിയുകയാണ് കര്‍ദ്ദിനാള്‍ എച്ചേഗരായെയെന്ന് ഒക്ടോബര്‍ 27-ാം തിയതി റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.കര്‍ദ്ദിനാള്‍ റോജര്‍ മാരി ഏലിയെ എച്ചേഗരായെ ഫ്രഞ്ച് സ്വദേശിയാണ്. പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.Source: Vatican Radio