News >> കാരിത്താസില്‍ ആധുനിക റേഡിയേഷന്‍ മെഷീന്‍ പ്രവര്‍ത്തനസജ്ജമായി

തെള്ളകം: കാന്‍സര്‍ ചികിത്സാരംഗത്ത് 12 വര്‍ഷം പൂര്‍ത്തീകരിക്കുന്ന കാരിത്താസ് കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക റേഡിയേഷന്‍ മെഷീന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. മന്ത്രി കെ.എം.മാണി ഉദ്ഘാടനവും കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വെഞ്ചരിപ്പും നിര്‍വഹിച്ചു.

ഏഴുകോടിരൂപ മുടക്കി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മെഷീന്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ കൂടുതല്‍ കാര്യക്ഷമതയോടെ വളരെ കുറച്ചു സമയത്തിനുള്ളില്‍ തികച്ചും ലളിതമായി റേഡിയേഷന്‍ ചികിത്സ ലഭ്യമാക്കുന്നു. മധ്യതിരുവിതാംകൂറില്‍ അത്യാധുനിക കാന്‍സര്‍ ചികിത്സ കുറഞ്ഞ ചെലവില്‍ നടത്തുന്ന ആശുപത്രികളിലൊന്നാണ് കാരിത്താസ്. 

കാരിത്താസ് ആശുപത്രി ട്രസ്റ് ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. റേഡിയേഷന്‍ ഓങ്കോളജിസ്റ് ഡോ. ജോണി കെ. ജോസഫ് പുതിയ മെഷീന്‍ പരിചയപ്പെടുത്തി. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍, തോമസ് ചാഴികാടന്‍, എന്നിവര്‍ പ്രസംഗിച്ചു.

കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരുടെ സംഗമം നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ പ്രിന്‍സ്റന്‍ യൂണിവേഴ്സിറ്റിയില്‍നിന്നുള്ള പ്രതിനിധികള്‍ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് അവരുടെ അനുഭവം പങ്കുവച്ചു. 

Source : Deepika