News >> മനുഷ്യാന്തസ്സിന് തൊഴിൽ ആവശ്യമാണ്: പാപ്പാ


തങ്ങളുടെ പരിശീലന പരിപാടികളില്‍ വാക്കാലും മാതൃകയാലും ഉത്തേജനം പകരുന്നതില്‍ ഊര്‍ജ്ജസ്വലരായിരിക്കുക എന്ന് ഇറ്റലിയിലെ ബിസിനസുകാരുടെ ക്രൈസ്തവ യൂണിയനോട് പാപ്പാ.

ഒക്ടോബര്‍ 31-ന് വത്തിക്കാനിലെ പോള്‍ ആറാമന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇറ്റലിയിലെ കത്തോലിക്കാ ബിസിനസ് എക്സിക്യൂട്ടീവുകളുടെ യോഗത്തില്‍ സംസാരിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

തൊഴിലില്ലാതെ മനുഷ്യന് ഒരന്തസ്സും ഇല്ലായെന്നും, യുവജനങ്ങളെയും അമ്മമാരെയും പരിരക്ഷിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു. കുടുംബജീവിതവും ജോലിയും തമ്മില്‍ പൊരുത്തപ്പെട്ടു പോകണമെന്നും, ജോലിസ്ഥലങ്ങളില്‍, ഗര്‍ഭിണികളായ സ്തീകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ജോലി ചെയ്യാനുള്ള അവകാശംപോലെ തന്നെയാണ് പ്രസവാവധിക്കുള്ള അവകാശങ്ങളെന്നും പാപ്പാ  പറയുകയുണ്ടായി.

പൊതുനന്മയുടെ വികാസത്തിനായുള്ളവരാണ് അവരെന്നും, സഭയുടെ സാമൂഹികോപദേശങ്ങള്‍ പ്രായോഗികമാക്കുന്നതിലൂടെ ക്രിസ്തീയ രൂപീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും പാപ്പാ അവരെ ഉപദേശിച്ചു. സഭാഅസ്സോസിയേഷനുകളുടെ അംഗീകാരത്തോടെയുള്ള ഈ യൂണിയനിലെ അംഗങ്ങള്‍, സുവിശേഷത്തിനനുസൃതമായി വിശ്വസ്തരായും സഭയുടെ സാമൂഹികപ്രബോധനങ്ങള്‍ക്കനുസരിച്ചും കുടുംബത്തിലും ജോലിയിലും സമൂഹത്തിലും ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ബിസിനസ്സ് ലോകത്ത് പൊതുനന്മയെ പിന്തുണയ്ക്കാനായി കരുണയുടെ വിശുദ്ധവത്‍സരം ഒരവസരവും അനുഗ്രഹവുമായിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. പൊതുനന്മയില്‍ താത്പര്യമുള്ളവരായിരിക്കണമെന്നും 40 ശതമാനത്തോളം ജോലിയില്ലാത്ത യുവജനങ്ങള്‍ ഉള്ള ഇവിടെ കൂടുതല്‍ ജോലി അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ കരുണയും കൂടുതല്‍ ഔദാര്യവും ഉള്ളവരായിരിക്കണമെന്നും ബിസിനസ്സുകാരെ പാപ്പാ ഓര്‍മ്മിപ്പിച്ചു. 

സന്ദേശാവസാനത്തില്‍, അവരെല്ലാവരെയും അവരുടെ ജോലിയെയും കുടുംബങ്ങളെയും തൊഴിലിന്‍റെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ സംരക്ഷണത്തിന് ഏല്പ്പിക്കുന്നുവെന്നും ഏവര്‍ക്കുമായി ദൈവാനുഗ്രഹം യാചിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

Source: Vatican Radio