News >> നിലപാടുകളില്‍ ആര്‍ജവത്തോടെ നിലകൊള്ളണം: ജസ്റീസ് കുര്യന്‍ ജോസഫ്

സ്വന്തം ലേഖകന്‍

കൊച്ചി: സ്വന്തമായി നിലപാടുകള്‍ രൂപീകരിക്കുകയും അതില്‍ നിലകൊള്ളുകയും ചെയ്യുന്നവരെയാണു സമൂഹത്തിന് ആവശ്യമെന്നു സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ്. നിലപാടുകള്‍ക്കു ജീവനാണു വിലയായി നല്‍കേണ്ടിവരുന്നതെങ്കില്‍ അതു നല്‍കാന്‍ തയാറാകുന്നിടത്താണു മനുഷ്യന്റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു. ജസ്യൂട്ട് സമൂഹത്തിന്റെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി ആരംഭിച്ച ലയോള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിശബ്ദതയുടെയും മരണത്തിന്റെയും സംസ്കാരത്തില്‍ നിന്നു പ്രതികരണത്തിന്റെയും ജീവന്റെയും സംസ്കാരത്തിലേക്കു നടക്കാന്‍ പൊതുസമൂഹത്തെ കൈപിടിക്കുകയാണ് എഴുത്തുകാരുടെ ധര്‍മം. മത്സരത്തിന്റെ പുതിയ ലോകത്തു നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ ധീരമായി മുന്നോട്ടുപോവുകയെന്ന വെല്ലുവിളിയാണ് എഴുത്തുകാരും മാധ്യമങ്ങളും ഏറ്റെടുക്കേണ്ടത്. തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോര്‍പറേറ്റുകള്‍ ഇന്നു മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തുന്നു. മാധ്യമങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും ലോകത്ത് മത്സരം മുറുകുമ്പോള്‍ പലരും എഴുത്തിന്റെ ലോകത്തു പിടിച്ചു നില്‍ക്കാന്‍ പൊടിക്കൈകളും മേമ്പൊടികളും ചേര്‍ക്കുന്നത് ആശാവഹമല്ല. മനുഷ്യന്‍ ഒരിക്കല്‍ മാത്രമേ മരിക്കാവൂ. ഇന്ത്യയിലും ലോകമാകെയും സാമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ മികവാര്‍ന്ന സംഭാവനകള്‍ നല്‍കിയ ജസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള എഴുത്ത് മാസിക മലയാളത്തില്‍ എഴുത്തിന്റെ രംഗത്ത് പുതിയ പ്രതീക്ഷയാണു നല്‍കുന്നതെന്നും ജസ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു.

കേരള ജസ്യൂട്ട്സ് പ്രൊവിന്‍ഷ്യല്‍ റവ.ഡോ. എം.കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലയോള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ പ്രഥമ പ്രസിദ്ധീകരണ സംരംഭമായ എഴുത്ത് മാസികയുടെ ആദ്യപ്രതി എഴുത്തുകാരന്‍ വൈക്കം മുരളിക്കു നല്‍കി സാമൂഹ്യപ്രവര്‍ത്തക ദയാബായി പ്രകാശനം ചെയ്തു. പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തി. റവ.ഡോ. എ.അടപ്പൂര്‍, പ്രഫ.എം. തോമസ് മാത്യു, മാനേജിംഗ് എഡിറ്റര്‍ റവ.ഡോ. ബിനോയ് പിച്ചളക്കാട്ട്, ചീഫ് എഡിറ്റര്‍ വി.ജി. തമ്പി, എഡിറ്റര്‍മാരായ ഫാ.റോയ് എം.തോട്ടം, റവ.ഡോ. അഗസ്റിന്‍ പാംപ്ളാനി, ഡോ. റോഷ്നി സ്വപ്ന, എം.ആര്‍. അനൂപ് എന്നിവര്‍ പ്രസംഗിച്ചു. Source: Deepika