News >> ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുംബൈ ഒരുങ്ങുന്നു

സിജോ പൈനാടത്ത് 

കൊച്ചി: 1964ല്‍ ഇന്ത്യയില്‍ നടന്ന 38-ാം അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സുവര്‍ണജൂബിലി സ്മരണയില്‍ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു (എന്‍ഇസി) മുംബൈ ഒരുങ്ങുന്നു. 12 മുതല്‍ 15 വരെ മുംബൈ ഗോരെഗാവ് സെന്റ് പയസ് ടെന്‍ത്ത് കോളജ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു വേദിയാകും. 50 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്.

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിനു പുറമേ, ഇതുവരെ ആറു ദിവ്യകാരുണ്യ കോണ്‍ഗ്രസുകളാണ് ഇന്ത്യയില്‍ നടന്നിട്ടുള്ളത്. മദ്രാസ് (1898, 1937), ഗോവ (1900, 1931) ബംഗളൂരു (1904), മൈലാപ്പൂര്‍ (1912) എന്നിവിടങ്ങളിലാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നേരത്തെ നടന്നത്. 1964ലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പങ്കെടുത്തിരുന്നു. 

ദിവ്യകാരുണ്യം: ക്രിസ്തുവിനാല്‍ പോഷിപ്പിക്കപ്പെട്ടു ജനങ്ങളിലേക്ക് എന്നതാണ് ഇത്തവണത്തെ ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ പ്രമേയം. ക്രിസ്തുവിന്റെ ദിവ്യകാരുണ്യസന്ദേശം പകരുന്നതില്‍ ഇന്നത്തെ ഭാരതീയ സാഹചര്യങ്ങളിലെ പ്രസക്തിയും വെല്ലുവിളികളും നാലു ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും.

ഫ്രാന്‍സീസ് മാര്‍പാപ്പയുടെ പ്രതിനിധിയായി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ആല്‍ബര്‍ട്ട് മാല്‍ക്കം രഞ്ജിത് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കും. മാര്‍പാപ്പ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിലെ പ്രതിനിധികളെ അഭിസംബോധന ചെയ്തു സന്ദേശവും ആശീര്‍വാദവും നല്‍കും. ഇന്ത്യയില്‍ ലത്തീന്‍, സീ റോ മലബാര്‍, സീറോ മലങ്കര സഭകളിലെ നാലു കര്‍ദിനാള്‍മാര്‍, 67 മെത്രാന്മാര്‍ എന്നിവരും ദിവ്യകാരുണ്യ കോണ്‍ഗ്രസിലെത്തും. ഇവര്‍ക്കു പുറമേ ഭാരതത്തിലെ 167 രൂപതകളില്‍ നിന്ന് അഞ്ചു പ്രതിനിധികള്‍ വീതം കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. 

12നു രാവിലെ 9.30നു കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയോടെയാണു ദിവ്യകാരുണ്യ കോണ്‍ഗ്രസിനു തുടക്കമാവുക. സമാപന ദിനത്തില്‍ രാഷ്ട്രത്തെ സമര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥനാശുശ്രൂഷ (സ്റാറ്റിയോ നാഷണാലിസ്) സമ്മേളനത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണെന്നു ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സെക്രട്ടറി ഫാ. വാര്‍ണര്‍ ഡിസൂസ പറഞ്ഞു. ഭട്ടേബന്തറിലുള്ള വേളാങ്കണ്ണിമാതാവിന്റെ തീര്‍ഥാടനകേന്ദ്രത്തിലേക്കുള്ള പ്രതിനിധികളുടെ തീര്‍ഥാടനം, ദിവ്യകാരുണ്യ ആരാധന, ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ എക്സിബിഷന്‍ (പാനിസ് ആഞ്ചലിക്കസ്) എന്നിവയും ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും. മുംബൈ അതിരൂപതയാണു ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്നത്. Source: Deepika