News >> ദൈവത്തിന്‍റെ മുദ്രയണിഞ്ഞവര്‍ വിശുദ്ധര്‍:പാപ്പാ


സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്ന അവസരത്തില്‍ വിശുദ്ധരുടെ കൂട്ടായ്മയെ അല്ലെങ്കില്‍ നമ്മോടൊപ്പം പുണ്യവാന്മാരുടെ യഥാര്‍ത്ഥമായ, സജീവമായ ഐക്യത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ് പാപ്പ തന്‍റെ ത്രികാലജപ സന്ദേശം ആരംഭിച്ചത്.

നമ്മുടെ അനുദിന ജീവിതിത്തില്‍ നമുക്ക് ചുറ്റും നിരവധി വിശുദ്ധരെ കാണാമെന്നും അവര്‍ അനുകരിക്കാവുന്ന മാതൃകകളാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വിശുദ്ധര്‍ പൂർണ്ണമായും ദൈവത്തിന്‍റേതായവരാണ്. അവർ തങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്‍റെ മുദ്ര വഹിക്കുന്നവരാണ്. ജ്ഞാനസ്നാന കൂദാശയിലൂടെ ദൈവപിതാവിന്‍റെ മുദ്ര ലഭിച്ച ദൈവമക്കളാണ് നാം ഒരോരുത്തരും. ഈശോയെ അനുഗമിക്കുവാന്‍ ഈ മുദ്ര പവിത്രമായി കാത്തുസൂക്ഷിച്ചു, ദൈവമക്കളായി വര്‍ത്തിച്ചു, ജ്ഞാനസ്നാന കൂദാശയിലൂടെ തങ്ങള്‍ക്കു ലഭിച്ച ദൈവാനുഗ്രഹം ജീവിച്ചവരാണ് വിശുദ്ധര്‍.

വിശുദ്ധരായവര്‍, പാപ്പ തുടര്‍ന്നു - നാം അനുകരിക്കേണ്ട മാതൃകകളാണ്. തിരുസഭ ഔദ്യോഗികമായി പ്രഖ്യാപിച്ചവര്‍ മാത്രമല്ല വിശുദ്ധരായുള്ളത്. നമ്മുടെ അടുത്ത വീട്ടിലെ അയല്‍ക്കാര്‍ മുതല്‍, നമ്മുടെ കുടുംബങ്ങളിലെ അംഗങ്ങളോ, നാം അനുദിന ജീവിതത്തില്‍ കണ്ടുമുട്ടുന്നവരോ, ആരും ആകാം വിശുദ്ധര്‍. ദൈവത്തോടും സുവിശേഷത്തോടും എങ്ങനെ വിശ്വസ്തരായി ജീവിക്കുകയും മരിക്കുകയും ചെയ്യാം എന്ന് ഇവര്‍ നമുക്ക് മാതൃക നല്‍കുന്നതിനാല്‍, അവരോടും  ദൈവത്തോടും നമുക്ക് നന്ദിയുള്ളവരായിരിക്കാം. എത്രയോ നല്ല മനുഷ്യരെയാണ് നാം നമ്മുടെ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ളത് - എത്രയോ പ്രാവശ്യം നാം പറഞ്ഞിരിക്കുന്നു - ഇത് ഒരു വിശുദ്ധ അല്ലെങ്കില്‍ വിശുദ്ധനാണെന്ന്, നമ്മുടെ വീടിനരുകില്‍ നമുക്കൊപ്പം ജീവിച്ചു,  ഇന്നും ജീവിക്കുന്നു വിശുദ്ധരായവര്‍.

അവരുടെ സ്നേഹവും ദയയും അനുകരിക്കുന്നതിലൂടെ അവരുടെ സാന്നിധ്യം നമുക്ക് അനശ്വരമാക്കം. ഒരു പുഞ്ചിരി, ഒരു സന്ദര്‍ശനം, ഒരു നോട്ടം,  കരുണയോടെയുള്ള ഈ പ്രവര്‍ത്തികള്‍, ഉദാരമായ സഹായങ്ങള്‍, സ്നേഹ സാമീപ്യങ്ങള്‍ മുതലായവ അര്‍ത്ഥശൂന്യങ്ങളായി നമുക്ക് തോന്നിയേക്കാം. എന്നാല്‍ ദൈവത്തിന്‍റെ കണ്ണുകളില്‍ അവ അനശ്വരങ്ങളാണ്. എന്തെന്നാല്‍ സ്നേഹവും കാരുണ്യവും മരണത്തെക്കാള്‍ ശക്തമാണെന്ന് പാപ്പാ പറഞ്ഞു.

ദൈവാനുഗ്രഹത്തില്‍ ആഴമായി ശരണമര്‍പ്പിച്ച, സകലവിശുദ്ധരുടെയും രാജ്ഞിയായ പരി. കന്യകാമറിയം, വിശുദ്ധിയുടെ പാതയില്‍ നടക്കുന്നതിന് നമ്മെ സഹായിക്കട്ടെ. നമ്മുടെ അനുദിന പ്രതിബദ്ധതകളെ നമുക്ക് പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കാം. ഒരുദിവസം നാമെല്ലാം സ്വര്‍ഗ്ഗീയ മഹിമയില്‍ ഒന്നുചേരാമെന്ന ആഴമായ പ്രത്യാശയോടെ നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. 

Source: Vatican Radio