News >> യേശുമാര്‍ഗ്ഗം ഒഴുക്കിനെതിരെ:പാപ്പാ


സ്വര്‍ഗ്ഗത്തിലേക്കുള്ള യേശുമാര്‍ഗ്ഗം ഒഴുക്കിനെതിരെയുള്ളതാകയാല്‍ ദുര്‍ഗ്രാഹ്യമെങ്കിലും അത് പിന്‍ചെല്ലുന്നവന്‍ ആനന്ദവാനാകുമെന്ന് മാര്‍പ്പാപ്പാ.

     സകലവിശുദ്ധരു‍ടെയും തിരുന്നാള്‍ദിനമായിരുന്ന നവമ്പര്‍ ഒന്നിന് വൈകുന്നേരം റോമിലെ വെറാനൊ സെമിത്തേരിയില്‍ അര്‍പ്പിച്ച ദിവ്യബിലി മദ്ധ്യേ ഫ്രാന്‍സിസ് പാപ്പാ മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 1 മുതല്‍ 12 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സുവിശേഷസൗഭാഗ്യങ്ങളെ അവലംബ മാക്കി സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു.

     ആത്മാവില്‍ ദരിദ്രനായ വ്യക്തി സ്വര്‍ഗ്ഗരാജ്യം ഏക നിധിയായി കരുതുന്നതി നാല്‍ ലൗകികാര്യങ്ങളില്‍ നിന്ന് വിമുക്തമായ ഒരു ഹൃദയത്തിനുടമയാണെന്നും ആകയാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രതീക്ഷിക്കപ്പെടുന്നവനാണെന്നതു തന്നെയാണ് അവന്‍റെ ആനന്ദത്തിനു കാരണമെന്നും പാപ്പാ വിശദീകരിച്ചു.

     ജീവിത വിശുദ്ധയിലേക്കുള്ള പാതതന്നെയാണ് ആനന്ദത്തിലേക്കുള്ള സരണി യെന്നും ആ പാതതന്നെയാണ് യേശു പിന്‍ചെന്നതെന്നും അവിടന്നു തന്നെയാണ് ആ വഴിയെന്നും പാപ്പാ വ്യക്തമാക്കി.

     സാധാരണക്കാരും എളിയവരും കരയാന്‍ കഴിവുറ്റവരും ശാന്തശീലരും ആയിരിക്കാനുള്ള അനുഗ്രഹവും നീതിക്കും ശാന്തിക്കും വേണ്ടി പ്രവര്‍ത്തിക്കാനും ദൈവത്തിന്‍റെ കരുണയുടെ ഉപകരണമായിത്തീരാനുമുള്ള കൃപയും കര്‍ത്താവി നോടു യാചിക്കാന്‍ പാപ്പാ വിശ്വാസികളേവരേയും ക്ഷണിച്ചു. നമുക്കു മമ്പേ സ്വര്‍ഗ്ഗരാജ്യം പൂകിയ വിശുദ്ധര്‍ അപ്രകാരം ചെയ്തുവെന്നനുസ്മരിച്ച പാപ്പാ യേശുവിന്‍റെ പാതയില്‍ ചരിക്കാന്‍ അവരുടെ മാദ്ധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ യെന്ന് ആശംസിച്ചു.

Source: Vatican Radio