News >> ഒരു തലോടല്‍ കുടുംബജീവിതത്തെ സുഗമമാക്കും:പാപ്പാ
ബുധനാഴ്ച (04/11/15) ഫ്രാന്‍സിസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാ വേളയില്‍ കുടുംബത്തെ അധികരിച്ചു പങ്കുവച്ച ചിന്തകളില്‍ നിന്ന് : ഈയടുത്ത് സമാപിച്ച മെത്രാന്മാരുടെ സിനഡുസമ്മേളനം 'സഭയിലും സമകാലീനസമൂഹത്തിലും കുടുംബത്തിനുള്ള വിളിയെയും ദൗത്യ'ത്തെയും കുറിച്ച് അവഗാഢം പരിചിന്തനം ചെയ്തു. കൃപയുടേതായൊരു സംഭവം ആയിരുന്നു അത്. ഈ സമ്മേളനത്തിന്‍റെ അന്ത്യത്തില്‍ സിനഡുപിതാക്കന്മാര്‍ അവരുടെ തീരുമാനങ്ങളടങ്ങിയ രേഖ എന്നെ ഏല്പിച്ചു. ഞങ്ങള്‍ രണ്ടു വര്‍ഷം ഒത്തൊരുമിച്ചു നടത്തിയ യത്നത്തില്‍ സകലരും പങ്കാളികളാകുന്നതിന് ഈ രേഖ പ്രസിദ്ധീകരിക്കപ്പെടണമെന്ന് ഞാനാഗ്രഹിച്ചു. ഇപ്പോള്‍ ആ തീരുമാനങ്ങള്‍ വിശകലനം ചെയ്യുന്നില്ല, അവയെക്കുറിച്ച് ഞാന്‍ മനനം ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ സമയത്തിനിടെ, ജീവിതം സ്തംഭനാവസ്ഥയിലാകുന്നില്ലല്ലൊ. വിശിഷ്യ, കുടുംബങ്ങളുടെ ജീവിതം നിലയ്ക്കുന്നില്ല. പ്രിയ കുടുംബങ്ങളെ, നിങ്ങളെന്നും ചലി ച്ചുകൊണ്ടിരിക്കുന്നു. കുടുംബത്തിന്‍റെ സദ്വാര്‍ത്തയുടെ സൗഷ്ഠവം നിങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിന്‍റെ താളുകളില്‍ നിരന്തരം രചിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോഴൊക്കെ ജീവന്‍റെയും സ്നേഹത്തിന്‍റെയും അഭാവത്താല്‍ വരണ്ടുപോകുന്ന ഒരു ലോകത്തില്‍ നിങ്ങള്‍ അനുദിനം വിവാഹം, കുടുംബം എന്നീ മഹാദാനങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ദാനംചെയ്യലിന്‍റെയും പരസ്പരം പൊറുക്കലിന്‍റെയും വന്‍ പരിശീലനക്കളരിയാണ് കുടുംബം എന്ന ആശയം ഊന്നിപ്പറയാനാണ് ഇന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ദാനത്തിന്‍റെയും പരസ്പരം പൊറുക്കലിന്‍റെയും അഭാവത്തില്‍ ഒരു സ്നേഹത്തിനും നിലനില്പില്ല, ദീര്‍ഘായുസ്സുണ്ടാകില്ല. സ്വയം ദാനമാകാതെയും പൊറു ക്കാതെയുമിരുന്നാല്‍ സ്നേഹത്തിന് നിലനില്പില്ല, ദീര്‍ഘായുസ്സില്ല.
ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കേണമെ എന്ന് പിതാവിനോട് അപേക്ഷിക്കാന്‍ യേശുതന്നെ "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാര്‍ത്ഥനയില്‍ നമ്മെ പഠിപ്പിച്ചു. അവസാനം അവിടന്ന് പറയുന്നു:
മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല. (മത്തായി 6,14-15). പൊറുക്കാതെ ജീവിക്കാനാകില്ല, നന്നായിട്ട് ജീവിക്കാനാകില്ല എന്നു പറയാം, പ്രത്യേകിച്ച് കുടുംബത്തില്‍. ദിനംപ്രതി നമ്മള്‍ അപരനെതിരെ തെറ്റുകള്‍ ചെയ്യുന്നുണ്ട്. നമ്മുടെ ബലഹീനതയുടെയും സ്വാര്‍ത്ഥതയുടെയും ഫലമായ ഈ തെറ്റുകളുടെ കണക്കുകള്‍ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു. നാം ചെയ്യേണ്ടത് മുറിവുകള്‍ ഉടന്‍ സൗഖ്യമാക്കുകയാണ്; കുടുംബത്തില്‍ നാം പൊട്ടിക്കുന്ന ഇഴകള്‍ കൂട്ടിച്ചേര്‍ക്കുകയാണ്. നാം അത് അധികനാള്‍ വച്ചുകൊണ്ടിരുന്നാല്‍ ദുഷ്ക്കരമായി ഭവിക്കും. മുറിവുകള്‍ ഉണക്കാനും ആരോപണങ്ങള്‍ അഴിക്കാനും ലളിതമായ ഒരു രഹസ്യമുണ്ട്: അത് ഇതാണ്; ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍, മാതാപിതാക്കളും മക്കളും തമ്മില്‍, സഹോദരീസഹോദരന്മാര്‍ തമ്മില്‍, അമ്മായിയപ്പനും അമ്മായിയമ്മയും തമ്മില്‍ സമാധാനത്തിലാകാതെ,മാപ്പുചോദിക്കാതെ, ആ ദിനം കടന്നു പോകരുത്. ഉടന്‍ മാപ്പപേക്ഷിക്കാനും മാപ്പേകാനും നാം പഠിച്ചാല്‍ മുറിവുകള്‍ സൗഖ്യമാകും, വിവാഹബന്ധം ശക്തമാകും, കുടുംബം എന്നും നമ്മുടെ ചെറുതും വലുതുമായ ദുഷ്ചെയ്തികളുടെ പ്രകമ്പനങ്ങളെ ചെറുക്കത്തക്ക ഉപരി ശക്തമായ ഭവനമാകും. ആകയാല്‍ വലിയൊരു പ്രഭാഷണത്തിന്‍റെ ആവശ്യമില്ല, ഒരു തലോടല്‍ മതി. ആ തലോടലിലൂടെ എല്ലാം ശമിക്കുകയും സകലത്തിനും നവമായ ആരംഭം കുറിക്കപ്പെടുകയും ചെയ്യും. ദിനം കലഹത്തില്‍ അവസാനിക്കരുത്. നിങ്ങള്‍ക്ക് മനസ്സിലായോ? പ്രിയ കുടുംബങ്ങളേ, പരസ്പരം പൊറുക്കാന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് സുവിശേഷഭാഗ്യങ്ങളുടെ പാതയില്‍ സദാ നിശ്ചയദാര്‍ഢ്യത്തോടെ നീങ്ങാന്‍ നിങ്ങള്‍ പ്രാപ്തരാണെങ്കില്‍ സഭയാകുന്ന മഹാ കുടുംബത്തില്‍ ദൈവത്തിന്‍റെ പൊറുക്കലിന്‍റെ നവീകരണശക്തിക്ക് സാക്ഷ്യമേകാനുള്ള കഴിവ് വര്‍ദ്ധനമാകുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. മറിച്ചാണെങ്കില്‍, നാം സുന്ദര പ്രഭാഷണങ്ങള്‍ നടത്തുമായിരിക്കും, ഒരു പക്ഷെ പിശാചുബാധയൊഴിപ്പിക്കുമായിരിക്കും. എന്നാല്‍ അവസാനം കര്‍ത്താവിന്റെ ശിഷ്യര്‍ക്ക് സംഭവിച്ചതു പോലെ നമ്മെയും അംഗീകരിക്കില്ല. കാരണം പൊറുക്കാനും പൊറുക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കാനും കഴിവില്ലാത്തതു തന്നെ. തീര്‍ച്ചയായും ഇന്നത്തെ സമൂഹത്തിനും സഭയ്ക്കും വേണ്ടി ഏറെക്കാര്യങ്ങള്‍ ചെയ്യാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു സാധിക്കും. ആകയാല്‍ കരുണയുടെ ജൂബിലി വര്‍ഷത്തില്‍ കുടുംബങ്ങള്‍ പരസ്പരം ക്ഷമിക്കലിന്‍റെ നിധി വീണ്ടും കണ്ടെത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കടങ്ങളുടെ ഭാരത്താല്‍ ഉപേക്ഷിക്കപ്പെട്ടവരായി ആര്‍ക്കും അനുഭവപ്പെടാത്തതായ അനുരഞ്ജനത്തിന്‍റെ സമൂര്‍ത്തവഴികള്‍ തീര്‍ക്കാനും ജീവിക്കാനും കുടുംബങ്ങള്‍ക്ക് കഴിയുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഈ നിയോഗത്തോടു കൂടി നമുക്ക് ഒത്തൊരുമിച്ചു പറയാം:
ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കേണമെ .Source: Vatican Radio