News >> അഖണ്ഡപ്രാര്‍ഥന 137-ാം വര്‍ഷത്തിലേക്ക്

ലാക്രോസ് (വിസ്കോണ്‍സിന്‍): അത്യപൂര്‍വമായ അഖണ്ഡ പ്രാര്‍ഥനായജ്ഞം 137 വര്‍ഷമായി തുടരാന്‍ കഴിയുന്നതില്‍ അമേരിക്കയിലെ വിസ്കോണ്‍സിനില്‍ പ്രവര്‍ത്തിക്കുന്ന ലാക്രോസിലെ നിത്യാരാധന സന്യാസിനീ സമൂഹം ദൈവത്തിനു നന്ദി പറയുകയാണ്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദിവസം മുഴുവന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ഥിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണു സന്യാസിനികള്‍. 1878 ഓഗസ്റ് ഒന്നിന് രാവിലെ 11-നു തുടങ്ങിയ പ്രാര്‍ഥനാ യജ്ഞം ഇപ്പോഴും തുടരുകയാണ്. 

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സംഘം എല്ലാ ദിവസവും നിശ്ചിതസമയം പ്രാര്‍ഥനയ്ക്കായി മാറ്റിവയ്ക്കുന്നതാണു രീതി. അവരുടെ സമയം കഴിഞ്ഞാല്‍ അടുത്ത ടീം പ്രാര്‍ഥന തുടങ്ങും. സിസ്റേഴ്സിനൊപ്പം പ്രാര്‍ഥനാ സഹകാരികള്‍ എന്നറിയപ്പെടുന്ന അല്മായ സംഘവുമുണ്ടാകും. രാത്രികാല പ്രാര്‍ഥനയുടെ ചുമതല പലപ്പോഴും സിസ്റേഴ്സിനാണ്. പകല്‍ അല്മായ സംഘത്തിനും. 

ഒരു സമയം പ്രാര്‍ഥിക്കാന്‍ ഏറ്റവും കുറഞ്ഞതു രണ്ടുപേരെങ്കിലും മഠത്തിലെ ചാപ്പലില്‍ ഉണ്ടാകുന്ന രീതിയിലാണു ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നു ലാ ക്രോസിലെ ഫ്രാന്‍സിസ്കന്‍ സിസ്റേഴ്സ് ഓഫ് പെര്‍പ്പെച്വല്‍ അഡൊറേഷന്‍ മഠത്തിലെ സിസ്റര്‍ മരിയ ഫ്രീഡ്മാന്‍ പറഞ്ഞു. പ്രാര്‍ഥനാ സഹായം ആവശ്യപ്പെട്ട് ദിനംതോറും നിരവധി കത്തുകളാണ് മഠത്തില്‍ ലഭിക്കുന്നത്. Source: Deepika