News >> തൊഴില്‍, ദൈവിക പ്രവര്‍ത്തനത്തിന്‍റെ തുടര്‍ച്ച ചരിത്രത്തില്‍
വിശ്രമകാല വേതനത്തിനുളള അവകാശം നിഷേധിക്കപ്പെടരുതെന്ന് മാര്‍പ്പാപ്പാ. തൊഴില്‍ ചെയ്യുന്ന കാലത്തും വാര്‍ദ്ധക്യകാലത്തും പൗരന്മാര്‍ക്ക് വേതനവും സാമൂഹ്യക്ഷേമവും ഉറപ്പുവരുത്തുന്നതിന്, ഇറ്റലിയിലുള്ള, ദേശീയ സാമൂഹ്യക്ഷേമ വിഭാഗമായ, ISTITUTO NAZIONALE DELLA PREVIDENZA SOCIALE, അഥവാ, INPS എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ അറിയപ്പെടുന്ന സ്ഥാപനത്തിന്‍റെ മേധാവികളും ജീവനക്കാരും ഉള്‍പ്പെട്ട 23000 ത്തോളം പേരെ ശനിയാഴ്ച (07/11/15) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ വച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ സ്ഥാപനത്തിന്‍റെ മതേതരചരിത്രത്തില്‍ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനുമായുള്ള ഇത്തരമൊരു കൂടിക്കാഴ്ച നടാടെയാണ് എന്ന വസ്തുത അനുസ്മരിച്ച പാപ്പാ തൊഴിലുമായി ബന്ധപ്പെട്ട അവകാശങ്ങളില്‍ ചിലത് സംരക്ഷിക്കുകയെന്ന ലോലമായ ദൗത്യം ഈ സ്ഥാപനത്തിലുള്ളവര്‍ വ്യത്യസ്ത തലങ്ങളില്‍ നിര്‍വ്വഹിച്ചു പോരുന്നതില്‍ സംതൃപ്തി പ്രകടിപ്പിച്ചു, ഈ അവകാശങ്ങള്‍ മനുഷ്യവ്യക്തിയുടെ സ്വഭാവത്തിലും അവന്‍റെ അതിസ്വാഭാവിക ഔന്നത്യത്തിലും അധിഷ്ഠിതമാണെന്ന വസ്തുതയും പാപ്പാ എടുത്തു പറഞ്ഞു. ഈ അവകാശങ്ങളില്‍, വിശ്രമത്തിനുള്ള അവകാശം കാത്തുസൂക്ഷിക്കുകയെന്ന സവിശേഷശദൗത്യം INPS എന്ന സ്ഥാപനത്തില്‍ സവിശേഷമാംവിധം നിക്ഷിപ്തമായിരിക്കുന്നതും പാപ്പാ അനുസ്മരിച്ചു. തൊഴിലാനന്തര വിശ്രമത്തിനുള്ള അവകാശത്തിന്‍റെ മതപരമായ മാനത്തിലേക്കും വിരല്‍ ചൂണ്ടിയ പാപ്പാ മനുഷ്യനെ ദൈവംതന്നെ വിശ്രമത്തിലേക്കു ക്ഷണിച്ചിരിക്കുന്നുവെന്ന് വേദപുസ്തക വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. ജോലിചെയ്യുന്ന കാലത്തും തൊഴിലാനന്തര വേളയിലും വ്യക്തിക്ക് വേതനം ഉറപ്പാക്കുമ്പോള്‍ തൊഴില്‍ രഹിതര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ജീവനാംശം ലഭ്യമാക്കുകയെന്ന ആയാസകരമായ ദൗത്യവും ഈ സ്ഥാപനം നിര്‍വ്വഹിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം പാപ്പാ അനുസ്മരിച്ചു. ജോലിചെയ്യുകയെന്നത്, വൈയക്തികമായും ഫലപ്രദമായും രചനാത്മകമായും, ദൈവത്തിന്‍റെ പ്രവര്‍ത്തനത്തെ ചരിത്രത്തില്‍ തുടര്‍ന്നുകൊണ്ടു പോകലാണെന്നു പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
Source: Vatican Radio