News >> പാപ്പാ ഫ്രാന്‍സിസ് ഇറ്റലിയുടെ ദേശീയ കത്തോലിക്കാ കണ്‍വെന്‍ഷനില്‍
'ക്രിസ്തുവില്‍ വളരേണ്ട നവ മാനവികത'യുടെ ദര്‍ശനവുമായി ഇറ്റലിയുടെ അഞ്ചാമത് ദേശീയ കത്തോലിക്കാ സംഗമം സാംസ്ക്കാരിക തലസ്ഥാനമായ ഫ്ലോറന്‍സില്‍ ആരംഭിച്ചു.നവംബര്‍ 9-മുതല്‍ 13-വരെ തിയതികളിലാണ് ഇറ്റലിയിലെ കത്തോലിക്കരുടെ ദേശീയ സംഗമം ഫ്ലോറന്‍സില്‍ ചേരുന്നത്. എല്ലാ രൂപതകളുടെയും പ്രതിനിധികള്‍ക്കൊപ്പം ദേശീയ മെത്രാന്‍സമിതിയും പങ്കെടുക്കുന്ന സംഗമത്തെ നവംബര്‍ 10-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്യുമെന്ന്, ട്യൂറിന്‍ അതിരൂപതാദ്ധ്യക്ഷനും സംഘാടകസമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ചെസാരെ നൊസീലിയ പ്രസ്താവനയിലൂടെ അറിയിച്ചു.10-ാം തിയതി ചൊവ്വാഴ്ച രാവിലെ ഫ്ലോറന്‍സിന് അടുത്തുള്ള പ്രാത്തോ നഗരത്തില്‍ വത്തിക്കാനില്‍നിന്നും ഹെലിക്കോപ്റ്ററില്‍ എത്തിച്ചേരുന്ന പാപ്പാ, അവിടെ തൊഴിലാളി ലോകത്തെ ആദ്യം അഭിസംബോധനചെയ്യും.തുടര്‍ന്ന് ഫ്ളോറന്‍സില്‍ എത്തുന്ന പാപ്പാ അവിടത്തെ ലൂയിജി റുഡോള്‍ഫി സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ സമ്മേളിക്കുന്ന അഞ്ചാമത് ദേശീയ കത്തോലിക്കാ സംഗമത്തെ അഭിസംബോധനചെയ്യും. ഉച്ചതിരിഞ്ഞ് 3.30-ന് വിശ്വാസസമൂഹത്തോടു ചേര്‍ന്ന് സ്റ്റേഡിയത്തില്‍ ദിവ്യബലിയര്‍പ്പിക്കും. നഗരാധിപന്മാരുമായുള്ള കൂടിക്കാഴ്ച, അഗതിമന്ദിര സന്ദര്‍ശനം, രോഗികളുമായുള്ള നേര്‍ക്കാഴ്ച എന്നിവയും പാപ്പായുടെ ഏകദിന ഫ്ളോറന്‍സ് സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നതായി ആര്‍ച്ചുബിഷപ്പ് നൊസീലിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതി വിഭാവനംചെയ്ത കത്തോലിക്കരുടെ ദേശീയ സംഗമം എല്ലാ പത്തു വര്‍ഷംകൂടുമ്പോഴും മുടങ്ങാതെ സംഗമിച്ചുകൊണ്ടാണ് ഫ്ലോറന്‍സിലെ അഞ്ചാം ഊഴത്തില്‍ എത്തിയിരിക്കുന്നത്. അദ്യം റോം, പിന്നെ ലൊരേറ്റോ, പലേര്‍മോ, വെറോനാ എന്നീ നഗരങ്ങളിലെ സംഗമത്തെ തുടര്‍ന്നാണ് അഞ്ചാമത്തെ സംഗമം വിശ്വോത്തര ശില്പി മൈക്കിലാഞ്ചലോയുടെ പട്ടണമായ ഫ്ലോറെന്‍സില്‍ ചേരുന്നതെന്നും ആര്‍ച്ചുബിഷപ്പ് വ്യക്തമാക്കി. Source: Vatican Radio