News >> കുറവിലങ്ങാട്ട് സഭൈക്യ യുവജനസംഗമം ഇന്ന് (10-11-2015)
പാലാ: വിവിധ ക്രൈസ്തവസഭയിലെ യുവജനങ്ങള്‍ ഒന്നിക്കുന്ന സംയുക്ത യുവജനസംഗമം കുറവിലങ്ങാട് പകലോമറ്റത്ത് ഇന്നു നടക്കും. അവിഭക്ത ഭാരത സുറിയാനി സഭയെ നയിച്ചിരുന്ന അര്‍ക്കദിയാക്കോന്മാരുടെ കബറിടത്തിനു സമീപത്താണു സംഗമം നടക്കുന്നത്.
വിവിധ ക്രൈസ്തവസഭകള്‍ തമ്മില്‍ ഐക്യവും സാഹോദര്യവും നിലനിര്‍ത്തുകയും വിശ്വാസവ്യത്യാസങ്ങള്‍ക്കതീതമായി സാമൂഹികവിഷയങ്ങളില്‍ പൊതുനിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
കത്തോലിക്കാസഭ കാരുണ്യവര്‍ഷം ആരംഭിക്കുന്ന അവസരത്തില്‍ സമൂഹത്തില്‍ കരുണയുടെ സുവിശേഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം യുവജനങ്ങള്‍ക്ക് പകരുന്ന സമ്മേളനം രാവിലെ പത്തിന് അര്‍ക്കദിയാക്കോന്മാരുടെ കബറിടത്തില്‍ പ്രാര്‍ഥനയോടെ ആരംഭിക്കും.
സുവിശേഷത്തിന്റെ മുഖ്യസന്ദേശമായ കാരുണ്യത്തില്‍ എല്ലാവരും ഒന്ന് എന്ന സന്ദേശത്തോടെ വിശ്വാസകാര്യങ്ങളിലെ വിഭിന്ന ചിന്തകള്‍ക്കനുസൃതമായി വിവിധ കുടങ്ങളില്‍ ജലമെടുത്ത് അര്‍ക്കദിയാക്കോന്മാരുടെ കിണറില്‍ ഒഴിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
ഓര്‍ത്തഡോക്സ് സഭാ യുവജനസംഘടന പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്നാനായ സിറിയന്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സെവേറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും.
ഒസിവൈഎം സംസ്ഥാന ജനല്‍ സെക്രട്ടറി റവ. പി.വൈ. ജെസന്‍, യാക്കോബായ യുവജനവിഭാഗം കോട്ടയം ഭദ്രാസനം ജനറല്‍ സെക്രട്ടറി റവ. പോള്‍ വര്‍ഗീസ്, മാര്‍ത്തോമ്മാ യുവജനസഖ്യം കോട്ടയം കൊച്ചി ഭദ്രാസനം ജനല്‍ സെക്രട്ടറി റവ. ലിനു ജോര്‍ജ്, സി.എസ്.ഐ. മധ്യകേരള മഹായിടവക ജനറല്‍ സെക്രട്ടറി റവ. ജോബി ജോയി, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് മെംബര്‍ സിറിയക് ചാഴിക്കാടന്‍, ഫാ. ജോസഫ് ആലഞ്ചേരില്‍, ഫാ. പോള്‍ പാറപ്ളാക്കല്‍, സിസ്റര്‍ ഷൈനി ഡിഎസ്ടി, ജോബിന്‍ ഒട്ടലാങ്കല്‍, ജെയ്സി കുളങ്ങര, ബോണിയ അമ്പാട്ടുപടവില്‍ എന്നിവര്‍ പ്രസംഗിക്കും. യാക്കോബായ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മ, സിഎസ് ഐ, ലത്തീന്‍ സഭാപ്രതിനിധികള്‍ പങ്കെടുക്കും.
Source : Deepika