News >> ആത്മീയതയ്ക്കൊപ്പം സാമൂഹിക വിഷയങ്ങളിലും സഭ ഇടപെടണം: മാര്‍ കല്ലറങ്ങാട്ട്

കുറവിലങ്ങാട്: ആത്മീയ പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലും ഇടപെട്ടിരുന്ന ക്രൈസ്തവ സഭയുടെ പാരമ്പര്യം തുടരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെസിവൈഎം പാലാ രൂപതയുടെ നേതൃത്വത്തില്‍ പകലോമറ്റം തറവാട് പള്ളിയില്‍ നടത്തിയ സഭൈക്യയുവജനസംഗമത്തില്‍ അധ്യക്ഷതവഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 

ദേശീയബോധമാണ് കാലഘട്ടത്തിന്റെ ആവശ്യം. കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് ഒന്നിക്കാനുള്ള ഏക പ്ളാറ്റ്ഫോമാണ് അര്‍ക്കദിയാക്കോന്മാരുടെ കുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന പകലോമറ്റം. ഓരോ സഭയും അവരുടെ വ്യക്തിത്വത്തെ മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നുനല്‍കണം - മാര്‍ കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു. 

സാമൂഹിക തിന്മകള്‍ക്കെതിരേ ആത്മീയ പ്രസ്ഥാനങ്ങള്‍ ഉണരണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്തയും ഓര്‍ത്തഡോക്സ് സഭ യുവജനപ്രസ്ഥാനം സംസ്ഥാന പ്രസിഡന്റുമായ യൂഹാനോന്‍ മാര്‍ പോളി കാര്‍പ്പോസ് പറഞ്ഞു. മൌനത്തിന്റെ ആഴിയില്‍ സ്നാനം ചെയ്യാനും ദുര്‍വിധികള്‍ക്കെതിരേ പ്രാര്‍ഥനാപൂര്‍വം സമീപിക്കാനും കഴിയണമെന്നും അദ്ദേഹംപറഞ്ഞു. 

ദൈവസൃഷ്ടിയുടെ സമഗ്രതയിലേക്കു വളരാന്‍ എല്ലാവരും തയാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ക്നാനായ സിറിയന്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സെവേറിയോസ് പറഞ്ഞു. മഹത്തായ ഉത്സാഹവും തീവ്രമായ ജാഗ്രതയും ദൈവാശ്രയവും കൂടപ്പിറപ്പാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

കെസിവൈഎം പാലാ രൂപത ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, ഓര്‍ത്തഡോക്സ് സഭ യുവജനപ്രസ്ഥാനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. പി.വൈ ജെസന്‍, മാര്‍ത്തോമ്മ യുവജനസഖ്യം കോട്ടയം-കൊച്ചി ഭദ്രാസനം ജനറല്‍ സെക്രട്ടറി ഫാ. ലിനു ജോര്‍ജ്, മാര്‍ത്തോമ്മ യുവജനസഖ്യം സെക്രട്ടറി ബന്‍സണ്‍ തോമസ്, സിഎസ്ഐ മധ്യകേരള മഹാഇടവക വര്‍ക്കിംഗ് പ്രസിഡന്റ് എം. വിനോദ്, കെസിവൈഎം രൂപത പ്രസിഡന്റ് ജോബിന്‍ ഒട്ടലാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സഭാവിഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് യുവജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. സംഗമത്തിന് മുന്നോടിയായ അര്‍ക്കദിയാക്കോന്മാരുടെ കബറിടത്തിങ്കല്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. തുടര്‍ന്ന് സഭാമേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ വിവിധ കുടങ്ങളിലെ വെള്ളം അര്‍ക്കദിയാക്കോന്മാരുടെ കിണറിലേക്കു പകര്‍ന്നു. Source: Deepika