News >> ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കേരളത്തിന്റെ നന്മയുമായി കെസിബിസിയുടെ ലഘുനാടകം

കൊച്ചി: മുംബൈയില്‍ നാളെ (12/11/2015) ആരംഭിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കേരളത്തിന്റെ സാന്നിധ്യം കലാവിരുന്നിലും. "കുടുംബവും ദിവ്യകാരുണ്യവും" എന്ന പ്രമേയത്തെ ആധാരമാക്കി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) ഫാമിലി കമ്മീഷന്‍ ഒരുക്കുന്ന ലഘുനാടകം അവതരണത്തിനൊരുങ്ങി.

കേരളത്തിലെ കത്തോലിക്കാ കുടുംബങ്ങളുടെ പ്രാര്‍ഥനാ ചൈതന്യവും ദിവ്യകാരുണ്യത്തോടുള്ള തീക്ഷ്ണമായ ഭക്തിയും ആവിഷ്കരിക്കുന്നതാണു നാടകത്തിന്റെ ഉള്ളടക്കം. ഒരു ചെറുപ്പക്കാരന്റെ ജീവിതവഴികളിലൂടെ ദിവ്യകാരുണ്യത്തിന്റെ സ്വാധീനവും കുടുംബങ്ങളിലെ പ്രാര്‍ഥനയുടെ നന്മയും 15 മിനിട്ടുള്ള ലഘുനാടകം അടയാളപ്പെടുത്തുന്നു.

കേരളത്തിലെ വിവിധ രൂപതകളില്‍നിന്നു തെരഞ്ഞെടുത്ത 15 പ്രതിനിധികളും കലാകാരന്മാരുമാണ് നാടകത്തിന്റെ അരങ്ങിലും അണിയറയിലുമുള്ളത്. ഫാ.ആന്റണി അറയ്ക്കല്‍, റവ.ഡോ.കുര്യാക്കോസ് മുണ്ടാടന്‍, ദീപു ജോസഫ്, സി. ജ്യോതിന്‍, സിജോ പൈനാടത്ത്, തോമസ് പോള്‍, സജി വടശേരി, ജെയ്ബി അഗസ്റിന്‍ എന്നിവരുള്‍പ്പെട്ട ടീമിനെ കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ.പോള്‍ മാടശേരി നയിക്കും. ടീമിന്റെ പരിശീലനം കെസിബിസി ആസ്ഥാനമായ എറണാകുളം പിഒസിയില്‍ പൂര്‍ത്തിയായി. 14നു വൈകുന്നേരം ആറിനാണ് കേരള സംഘത്തിന്റെ ലഘുനാടക അവതരണം.

കേരളസഭയുടെ വിശ്വാസപാരമ്പര്യത്തിനും പൈതൃകത്തിനുമുളള അംഗീകാരമാണ് ലഘുനാടകത്തിന്റെ അവതരണത്തിനുള്ള അവസരമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

നാളെ മുതല്‍ 15 വരെ മുംബൈ ഗോരെഗാവ് സെന്റ് പയസ് ടെന്‍ത്ത് കോളജ് കാമ്പസിലാണ് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. ഇന്ത്യയിലെ കത്തോലിക്ക രൂപതകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പ്രതിനിധികള്‍ വീതമാണു ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. സിബിസിഐയുടെയും കെസിബിസിയുടെയും പ്രസിഡന്റ് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കേരളത്തിലെ വിവിധ രൂപതാധ്യക്ഷന്മാരും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. Source: Deepika