News >> പാപ്പാ ഫ്രാന്‍സിസ് പാവങ്ങളുടെ പന്തിയില്‍ പങ്കുചേര്‍ന്നു


ഫ്ലോറന്‍സിലെ പാവങ്ങള്‍ക്കൊപ്പം പാപ്പാ ഫ്രാ‍ന്‍സിസ് ഉച്ചഭക്ഷണം കഴിച്ചു.

നവംബര്‍ 10-ാം തിയതി ചൊവ്വാഴ്ച ഇറ്റലിയിലെ ഫ്ലോറന്‍സിലേയ്ക്കു നടത്തിയ ഇടയസന്ദര്‍ശനത്തിനിടയിലാണ് നഗരത്തിലെ പാവങ്ങള്‍ക്കൊപ്പം സ്ഥലത്തെ ഫ്രാന്‍സിസ്ക്കന്‍ വൈദികര്‍ നല്കുന്ന സൗജന്യഭക്ഷണത്തില്‍ പാപ്പായും പങ്കുചേര്‍ന്നത്.

രാവിലത്തെ പ്രാത്തോയില്‍വച്ച് തൊഴിലാളി സംഗമത്തെയും, ഫ്ലോറന്‍സിലെ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍വച്ച് ഇറ്റലിയുടെ അഞ്ചാമത് കത്തോലിക്കാ സംഗമത്തെയും അഭിസംബോധന ചെയ്തശേഷം, വൈകുന്നേരം 3.30-ന് അര്‍പ്പിക്കേണ്ട ദിവ്യബലിക്കുമുന്നേ കിട്ടിയ ഇടവേളയിലാണ് നഗരത്തിലെ പാവങ്ങള്‍ക്കൊപ്പം പാപ്പാ ഉച്ചഭക്ഷണം കഴിച്ചത്.

ഫ്ലോറന്‍സ് അതിരൂപതയുടെ മംഗലവാര്‍ത്ത ഭദ്രാസനദേവാലയത്തില്‍ മദ്ധ്യാഹ്നത്തോടെ നടന്ന രോഗികളുമായുള്ള കുടിക്കാഴ്ചയ്ക്കുശേഷം അവിടെനിന്നും നടന്നാണ് നഗരത്തിലെ പാവങ്ങള്‍ക്കായുള്ള ഭക്ഷണപ്പുരയില്‍ പാപ്പാ എത്തിച്ചേര്‍ന്നത്. ഫ്ലോറന്‍സ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി അവിടെ എത്തിയ അറുപതോളം അഗതികള്‍ക്കൊപ്പം കുശലം പറഞ്ഞുകൊണ്ട് ഏറെ സന്തോഷത്തോടെ പാപ്പാ ഫ്രാന്‍സിസും ഉച്ചഭക്ഷണം കഴിച്ചു. 

Source: Vatican Radio