News >> പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ ബോസ്നിയന്‍ പ്രസിഡന്‍റ്
നവംബര്‍ 11-ാം തിയതി ബുധനാഴ്ച രാവിലെ, വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പരിപാടിക്കു തൊട്ടുമുന്നെയാണ് രാഷ്ട്രീയ സംഘര്‍ഷത്തില്‍ മുന്നേറുന്ന ബോസ്നിയ-ഹെരസഗോവിനയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ്, ചോവിച്ചിനെയും 40-പേരുടെ പ്രതിനിധിസംഘത്തെയും പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്.പ്രസിഡന്‍റിനും സംഘത്തിനും സന്ദര്‍ശനത്തിന് പ്രത്യേകം നന്ദിയര്‍പ്പിച്ച പാപ്പാ, ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള ബോസ്നിയന്‍ ജനതയുടെ കഴിവിനെ ഹ്രസ്വപ്രഭാഷണത്തില്‍ അഭിനന്ദിച്ചു. രാജ്യത്തെ പ്രതിയോഗികളും വിമതരുമായവരോട് സംവദിക്കുവാനും, ഐക്യത്തിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുവാനും ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വത്തിനു സാധിക്കട്ടെയെന്ന്, കഴിഞ്ഞ ജൂണില്‍ നടന്ന അപ്പസ്തോലിക സന്ദര്‍ശനം മനസ്സില്‍വച്ചുകൊണ്ട് പാപ്പാ ആശംസിച്ചു. ജനങ്ങളെ, വിശിഷ്യ അവിടത്തെ യുവജനങ്ങളെ തന്‍റെ അന്വേഷണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട പാപ്പാ, മാറിമാറിവരുന്ന മറ്റു രണ്ടു പ്രസിഡന്‍റുമാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ബോസ്നിയ-ഹെരസഗോവിന രാജ്യത്തെയും അവിടുത്തെ എല്ലാ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ, എന്ന പ്രാര്‍ത്ഥനയോടെയാണ് പ്രസിഡന്‍റ് ചോവിച്ചും മറ്റു വിശിഷ്ടവ്യക്തികളും അടങ്ങിയ സംഘത്തോട് പാപ്പാ വിടപറഞ്ഞത്. Source: Vatican Radio