News >> മോണ്‍. കണ്ടത്തില്‍ ദാരിദ്യ്രം തുടച്ചുനീക്കാനായി ജീവിതം സമര്‍പ്പിച്ചു: മാര്‍ ആലഞ്ചേരി
കാലടി: ദാരിദ്യ്രം തുടച്ചുനീക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് മോണ്‍. അഗസ്റിന്‍ കണ്ടത്തിലെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു.
സേവ് എ ഫാമിലി പ്ളാന്‍ - ഇന്ത്യയുടെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കാഞ്ഞൂര്‍ പാറപ്പുറം ഐശ്വര്യഗ്രാമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "പാവങ്ങള്‍ ഏറ്റവും നല്ലത് അര്‍ഹിക്കുന്നവരാണ്" എന്ന സന്ദേശം മോണ്‍. കണ്ടത്തില്‍ സമൂഹത്തിനു നല്‍കി.
ജാതിദേദമില്ലാതെ, വര്‍ണ-വര്‍ഗ വിവേചനമില്ലാതെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി അവരെ സമൂഹത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹം അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. അവരെ സ്നേഹിച്ച്, അവരുടെ രോദനങ്ങള്‍ കേട്ട്, അവരെ കൈപിടിച്ച് ഉയര്‍ത്താനുള്ള ഉത്തരവാദിത്വം വളരെ ആത്മാര്‍ഥമായി മോണ്‍. കണ്ടത്തില്‍ നിര്‍വഹിച്ചു. നൂറുകണക്കിനു കുടുംബങ്ങള്‍ക്കു താങ്ങും തണലുമായി മാറാനും അങ്ങനെ സാമൂഹിക വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും അദ്ദേഹം സ്ഥാപിച്ച സേവ് എ ഫാമിലി പ്ളാന്‍ (SAFP) എന്ന പ്രസ്ഥാനത്തിനു സാധിച്ചുവെന്നും SAFP രക്ഷാധികാരിയായ കര്‍ദിനാള്‍ പറഞ്ഞു.
സുതാര്യമായ പ്രവര്‍ത്തനത്തിലൂടെ, തുറന്ന സമീപനത്തോടെ, വെല്ലുവിളി നേരിടുന്ന മനുഷ്യരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സേവ് എ ഫാമിലി പ്ളാന്‍ മുഖ്യപങ്കു വഹിച്ചതായി സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു. മുന്‍കാല ഡയറക്ടര്‍മാരായ ഫാ. ഫ്രാന്‍സിസ് തച്ചില്‍, ഫാ. ആന്റണി കവലക്കാട്ട്, ഫാ.കുര്യാക്കോസ് മാമ്പിള്ളില്‍, ഫാ.ആന്റോ ചെറാതുരുത്തി, ഫാ.അഗസ്റിന്‍ ഭരണിക്കുളങ്ങര എന്നിവരെ അന്‍വര്‍ സാദത്ത് എംഎല്‍എ ആദരിച്ചു.
ലോഗോ പ്രകാശനം സേവ് എ ഫാമിലി പ്ളാന്‍ കാനഡ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലെസ്ലി ടൊര്‍ഡോഫ് നിര്‍വഹിച്ചു. സുവര്‍ണ ജൂബിലി ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞൂര്‍ ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ നിര്‍വഹിച്ചു.
സേവ് എ ഫാമിലി പ്ളാന്‍ പ്രസിഡന്റ് ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, സേവാശ്രം ഡയറക്ടര്‍ ഫാ. കുര്യാക്കോസ് മാമ്പിള്ളി, സേവ് എ ഫാമിലി പ്ളാന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. മാര്‍ഷല്‍ മേലാപ്പിള്ളി, ലൂയീസ് കോട്ട്, ബീന ജോയി എന്നിവര്‍ പ്രസംഗിച്ചു. ജൂബിലിയുടെ ഭാഗമായി ഡോക്യുമെന്ററി പ്രദര്‍ശനവും എക്സിബിഷനും ഉണ്ടായിരുന്നു.
Source: Deepika