News >> ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുംബൈയില്‍ ഇന്നു (12/11/2015) തിരി തെളിയും
സിജോ പൈനാടത്ത്
മുംബൈ: ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുംബൈയിലെ ഗോരെഗാവ് സെന്റ് പയസ് ടെന്‍ത്ത് കോളജ് കാമ്പസില്‍ ഇന്നു ( 12-11-2015) തിരിതെളിയും. രാവിലെ 9.30നു ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു തുടക്കമാവും. ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ അഭിസംബോധനചെയ്യും.
ഉദ്ഘാടന സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍പാപ്പയുടെ പ്രതിനിധി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്ത്, ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ആഗ്ളിക്കന്‍ സഭ ബിഷപ് ഡോ. പ്രകാശ് പട്ടോളെ എന്നിവര്‍ സന്ദേശം നല്‍കും. റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ മുഖ്യപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഷില്ലോംഗ് ആര്‍ച്ച്ബിഷപ് ഡോ. ഡൊമിനിക് ജാല എന്നിവര്‍ വിഷയാവതരണം നടത്തും. വൈകുന്നേരം വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കലാപരിപാടികള്‍ ഉണ്ടാകും. നാളെ രാവിലെ 11.30ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ദിവ്യബലിയര്‍പ്പിക്കും.
മുംബൈയില്‍ 1964ല്‍ നടന്ന 38-ാമത് അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സുവര്‍ണജൂബിലി വര്‍ഷത്തിലാണ് ഇവിടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. "ദിവ്യകാരുണ്യം: ക്രിസ്തുവിനാല്‍ പോഷിപ്പിക്കപ്പെട്ടു ജനങ്ങളിലേക്ക്" എന്നതാണ് ഇത്തവണത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ക്രിസ്തുവിന്റെ ദിവ്യകാരുണ്യ സന്ദേശം പകരുന്നതില്‍ ഇന്നത്തെ ഭാരതീയ സാഹചര്യങ്ങളിലെ പ്രസക്തിയും വെല്ലുവിളികളും നാലു ദിവസത്തെ സമ്മേളനം ചര്‍ച്ചചെയ്യും.
ഇന്ത്യയിലെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളിലെ നാലു കര്‍ദിനാള്‍മാരോടൊപ്പം 67 മെത്രാന്മാരും 167 രൂപതകളില്‍നിന്ന് അഞ്ചു പ്രതിനിധികള്‍ വീതവും കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. മുംബൈയില്‍ 1964ലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പങ്കെടുത്തിരുന്നു.
Source: Deepika