News >> കുടുംബങ്ങളില്‍ ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന രീതി അമൂല്യം
ഭക്ഷണം കഴിക്കുവാനായി ഭക്ഷണമേശയ്ക്കു ചുറ്റും ഒരുമിച്ചുകൂടുന്ന കുടുംബം, അമൂല്യമാണ്, ഒരു പ്രതീകമാണ്. ഭക്ഷണം പങ്കുവയ്ക്കുന്നതുകൂടാതെ, വിഷമങ്ങളും സഹനങ്ങളും, കഥകളും സംഭവങ്ങളും പങ്കുവയ്ക്കുകയെന്നത് മുഖ്യമായ ഒരനുഭവമാണ്. ഒരുമയുടെയും ഐക്യത്തിന്‍റെയും അടിസ്ഥാന മാതൃകകളാണ് അവ.സൗഹൃദത്തോടെ വസിക്കുകയെന്നത് ഓജസ്സുറ്റ ബന്ധത്തിന്‍റെ അളവുകോലാണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് ഭക്ഷണമേശയില്‍, ഭക്ഷണത്തിനിരിക്കുമ്പോള്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും. എന്നാല്‍ പല കുടുംബങ്ങളിലും ഭക്ഷണനേരം ടെലവിഷന്‍ കാണുകയും സ്മാര്‍ട്ട് ഫോണില്‍ നോക്കിയിരിക്കുകയും ഒരുമിച്ച് ഭക്ഷണത്തിന് വരാതിരിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള കുടുംബം ഒരു കുടുംബമല്ല... ഒരുമിച്ചുള്ള ഒരു താമസസ്ഥലം മാത്രമാകാം.ക്രൈസ്തജീവിതത്തില്‍ സൗഹൃദത്തോടെ, സ്നേഹത്തോടെ ഒരുമിച്ച് വസിക്കുകയെന്നത് ഒരു പ്രത്യേക വിളിയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ടെന്നാല്‍, യേശു വി.കുര്‍ബാന ഒരു ഭക്ഷണമായാണ് നല്‍കിയത്. അതില്‍തന്നെ കുടുംബവും സഭയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്നു. കുടുംബങ്ങളില്‍ നാമനുഭവിക്കുന്ന ഒരുമ സഭയാകുന്ന കുടുംബത്തിലേയ്ക്കും കൂടി ഉള്ളതാണ്, ദൈവത്തിന്‍റെ സാര്‍വത്രികസ്നേഹ പ്രതീകമെന്ന നിലയില്‍ എല്ലാവരിലേയ്ക്കും ആ സ്നേഹം പകര്‍ന്നുകൊണ്ട് ആ ഒരുമ അനുഭവവേദ്യമാകണം. ഇപ്രകാരം വി.കുര്‍ബാന ഏവരെയും ഉള്‍ക്കൊള്ളുന്ന പ്രത്യേക സമൂഹമായിത്തീരുന്നു, അവിടെ നാം എല്ലാവരുടെയും ആവശ്യങ്ങളെ പരിഗണിക്കാനും ശ്രദ്ധിക്കാനും പഠിക്കുന്നു. കുടുംബൈക്യത്തെ പ്രതിനിധീകരിക്കുന്ന, ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന രീതി പല സമൂഹങ്ങളിലും അപ്രത്യക്ഷമാകുന്നുണ്ടെന്നുള്ളത് ഖേദകരമാണ്. ഒരു ഭക്ഷണമേശയില്‍ നിശബ്ദത നല്ലതല്ല. ഒരുമിച്ചു വസിക്കുന്നതിന്‍റെ സന്തോഷം വീണ്ടെടുക്കേണ്ടതാണ്. സഹോദരീസഹോദരന്മാര്‍ കുടുംബങ്ങളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലായെന്നത് ലജ്ജാകരമാണ്.മറ്റുള്ളവരുമായുള്ള പങ്കുവയ്ക്കലിന്‍റെ ഒരു പ്രതീകമാണ് ഭക്ഷണം. നമ്മുടെ സഹോദരിസഹോദരങ്ങള്‍ പലയിടങ്ങളിലും വിശന്നിരിക്കുമ്പോള്‍ ഭക്ഷണം പല സ്ഥലങ്ങളിലും ഒരുപാടു പാഴാക്കികളയുന്നുണ്ട്. വി.കുര്‍ബാന നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഭക്ഷണം പങ്കുവയ്ക്കലിന്‍റെതാണെന്നാണ്. ഉപേക്ഷിക്കപ്പെട്ടവരുടെയും പുറംതള്ളപ്പെട്ടവരുടെയും എല്ലാവരുടെയും അമ്മയായ സഭയ്ക്ക്, ക്രൈസ്തവകുടുംബങ്ങള്‍ മാതൃകയും പ്രതീക്ഷയും ആകേണ്ടതാണ്.നമ്മുടെ കുടുംബങ്ങളും ആഗോളസഭയും, മനുഷ്യരാശിയുടെ മുഴുവന്‍ നന്മയ്ക്കായി നിലകൊള്ളുന്ന, ഒരുമയുടെയും ഐക്യത്തിന്‍റെയും പ്രതീകമായിരിക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം, പ്രത്യേകിച്ച് ആസന്നമാകുന്ന കരുണയുടെ വിശുദ്ധവത്സരത്തില്‍. Source: Vatican Radio