News >> ഭാരതസഭയുടെ കൂട്ടായ്മയും വിശ്വാസതീക്ഷ്ണതയും ആഗോളസഭയ്ക്കു മാതൃക: മാര്‍പാപ്പ
സിജോ പൈനാടത്ത്
മുംബൈ: ഭാരതസഭയുടെ വിശ്വാസതീക്ഷ്ണതയും കൂട്ടായ്മാ മനോഭാവവും ആഗോള കത്തോലിക്കാ സഭയ്ക്ക് മാതൃകയും പ്രചോദനവുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മുംബൈയില്‍ ഇന്നലെ ആരംഭിച്ച ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.
ദിവ്യകാരുണ്യ കോണ്‍ഗ്രസിനായി ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിശ്വാസി സമൂഹം മുംബൈയില്‍ സംഗമിച്ചിരിക്കുന്നുവെന്നത് സന്തോഷകരമാണ്. പോള്‍ ആറാമാന്‍ മാര്‍പാപ്പ പങ്കെടുത്ത 38-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലിയിലാണ് ഈ ഒത്തുചേരല്‍ എന്നത് ശ്രദ്ധേയമാണ്. ഭാരതസഭ ദിവ്യകാരുണ്യഭക്തിയിലും സഭാ സ്നേഹത്തിലും ഏറെ വളര്‍ന്നിട്ടുണ്ട്. ഭാരതസഭയെ നയിക്കുന്ന കര്‍ദിനാള്‍മാരെയും മെത്രാന്‍മാരെയും ഈ അവസരത്തില്‍ അനുമോദിക്കുന്നു.
ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്റെ മുഖമാണ് ദിവ്യകാരുണ്യത്തിലൂടെ നാം ദര്‍ശിക്കുന്നത്. പ്രതിസന്ധികളിലും ദിവ്യകാരുണ്യത്തില്‍ അഭയം പ്രാപിക്കുവാനുള്ള ദൃഢനിശ്ചയം നമുക്കുണ്ടാകണമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.
മുംബൈയിലെ ഗോരെഗാവ് സെന്റ് പയസ് ടെന്‍ത്ത് കോളജ് കാമ്പസില്‍ രാവിലെ 9.30നു ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു തുടക്കമായി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മാര്‍പാപ്പയുടെ പ്രതിനിധി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്ത് സന്ദേശം നല്‍കി. ശ്രീലങ്കയിലെ കത്തോലിക്ക സഭയെ താങ്ങിനിര്‍ത്തുന്നതില്‍ ഭാരതസഭ നല്‍കുന്ന സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ നിന്നുള്ള വിശുദ്ധ ജോസഫ് വാസ് ശ്രീലങ്കയില്‍ നടത്തിയ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അവിടെ ക്രൈസ്തവ വിശ്വാസം വളര്‍ത്താന്‍ ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. വിശുദ്ധരായ ചാവറ കുര്യാക്കോസ്, എവുപ്രാസ്യാമ്മ, അല്‍ഫോന്‍സാമ്മ എന്നിവര്‍ ഭാരതസഭയുടെ അഭിമാനങ്ങളാണ്. ഭാരതത്തിലെ കത്തോലിക്കാസഭയുടെ ഐക്യം മറ്റു സഭകള്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് എന്നിവര്‍ സന്ദേശം നല്‍കി. റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, ഷില്ലോംഗ് ആര്‍ച്ച്ബിഷപ് ഡോ. ഡൊമിനിക് ജാല എന്നിവര്‍ പ്രഭാഷണം നടത്തി. വൈകുന്നേരം ഒറീസ, കര്‍ണാടക, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തനതു കലാരൂപങ്ങള്‍ അവതരിപ്പിച്ചു. രാവിലെ ഓരോ രൂപതയുടെയും പതാകയേന്തിയാണ് പ്രതിനിധികള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രധാനവേദിയിലേക്ക് എത്തിയത്.
ഇന്ന് രാവിലെ 11.30ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ദിവ്യബലിയര്‍പ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെത്രാപ്പോലീത്തമാരും, മെത്രാന്മാരും, വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.
Source: Deepika