News >> അനശ്വരമായ മനോഹാരിത ദൈവം മാത്രം:പാപ്പാ


ദൈവമാണ് മഹത്തായ സൗന്ദര്യം; മറ്റുള്ളതെല്ലാം മങ്ങിപോകുന്നവയാണെന്ന് പാപ്പാ ഫ്രാന്‍സിസ് വെള്ളിയാഴ്ച ദിവ്യബലിമദ്ധ്യേ  ഉദ്ബോധിപ്പിച്ചു. 

 "ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു"(സങ്കീ. 19:1)വെന്ന  സങ്കീർത്തനവാക്യത്തെ പരാമര്‍ശിച്ചുകൊണ്ട് ദൈവമാണ് മഹത്തായ സൗന്ദര്യമെന്ന് പാപ്പാ പറഞ്ഞു. എന്നും നിലനില്‍ക്കുന്നവയെന്നു കരുതി ഭൂമിയിലെ വസ്തുക്കളെ ദിവ്യമായി കരുതുകയും, ജീവിതശീലങ്ങളെ പൂജിക്കുകയും ചെയ്യുന്ന രണ്ട് അപകടങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ നിലവിലുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അനശ്വരമായത് ദൈവം മാത്രമാണ്, മറ്റെല്ലാം ഒരു ദിവസം  മങ്ങിമറഞ്ഞു പോകുന്നവയാണെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു.

ഈ ലോകത്തില്‍ മനോഹരമെന്നു തോന്നുന്നതിനോടു ചേര്‍ന്നുനില്‍ക്കുകയും നന്മയില്ലാത്തവയാല്‍ നിയന്ത്രിക്കപ്പെടുകയും ജീവിതശീലങ്ങളെ പൂജിക്കുകയും ചെയ്യുന്നത് വിഗ്രഹാരാധന പോലെയാണ്.

ഒരിക്കലും മായാത്ത ദൈവമഹത്വത്തിലേയ്ക്ക് നോക്കി മുന്നോട്ടുപോകേണ്ടവരാണ് വിശ്വാസികള്‍. നാം കാണുന്ന ചെറിയ മനോഹാരിതകളെല്ലാം വലിയ ദൈവമഹത്വത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നു അറിയുകയും, ആ മഹനീയമായ ദൈവമഹത്വത്തെ ധ്യാനിക്കുകയും ചെയ്യാമെന്ന് പാപ്പാ തന്‍റെ വചനപ്രഘോഷണത്തില്‍ വ്യക്തമാക്കി.

Source: Vatican Radio