News >> പാവങ്ങളി‍ല്‍ ദൈവപരിപാലയെ തൊട്ടറിഞ്ഞ മനുഷ്യനായിരുന്നു വിശുദ്ധ ലൂയി ഗ്വനേലാ: പാപ്പാ

ദൈവപരിപാലന സാങ്കല്പികമല്ല പച്ചയാഥാര്‍ത്ഥ്യവും പതറാത്ത വിശ്വാസവുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. നവംബര്‍ 12-ാം തിയതി വ്യാഴാഴ്ച രാവിലെ വിശുദ്ധ ലൂയി ഗ്വനേലായുടെ സഭാകൂട്ടായ്മയുമായി വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ധന്‍റെ ജീവിതപുണ്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് 5000-ത്തിലേറെ വരുന്ന ഗ്വനേലിയന്‍ കുടുംബാംഗങ്ങളെ പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

മാനുഷിക യുക്തിയെ വെല്ലുന്ന വിശ്വാസം ദൈവപരിപാലനയില്‍  അദ്ദേഹം അര്‍പ്പിച്ചിരുന്നതായും, അത് പാവങ്ങള്‍ക്കുള്ള ശുശ്രൂഷയായി ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടു  വിശുദ്ധത്തിലേയ്ക്ക് അദ്ദേഹംഉയര്‍ന്നുവെന്നും പാപ്പാ പ്രസ്താവിച്ചു. ദൈവം സ്നേഹമുള്ള പിതാവെന്ന് പറയുന്നത് വിശുദ്ധ ഗ്വനേലയ്ക്ക് സ്നേഹത്തിലും സാഹോദര്യത്തിലും ഉപവി പ്രവര്‍ത്തികളിലും മനുഷ്യര്‍ അനുഭവിക്കുന്ന, വിശിഷ്യ പാവങ്ങളായവര്‍ പങ്കുചേരുന്ന, സല്‍പ്രവൃത്തികളുടെ യാഥാര്‍ത്ഥ്യമായിരുന്നെന്നും, അത് പതറാത്ത വിശ്വാസത്തില്‍ അടിയുറച്ചതായിരുന്നെന്നും വിശുദ്ധനെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചു.

അതുപോലെ, സ്നേഹത്തില്‍ അധിഷ്ഠിതമായ ജാഗ്രതയും കരുതലും വിശുദ്ധ ഗ്വനേലാ പകര്‍ന്നുതരുന്ന വിശുദ്ധിയുടെ രണ്ടാമത്തെ നറുമലരാണെന്നും പാപ്പാ വിശേഷിപ്പിച്ചു. അപരന്‍ അപരിചതനാണെങ്കിലും തുണതേടുന്നവനെങ്കില്‍ സഹോദരനായി സ്നേഹത്തില്‍ വീക്ഷിക്കുക. അവന്‍ എന്‍റെ സഹോദരനാണെങ്കില്‍ മുടന്തനോ, കുരുടനോ, ദരിദ്രനോ ആയിരുന്നാലും അവന്‍ എനിക്ക് ഭാരമല്ല. അവന്‍, അവള്‍ എന്‍റെ സഹോദരനും സഹോദരിയുമാണെന്ന ജാഗ്രതയും കരുതലും ആ വീക്ഷണത്തില്‍ മാത്രമേ വളര്‍ത്താനാവൂ എന്നാണ് നവയുഗപ്പുലരിയില്‍ ഇറ്റലിയില്‍ ജീവിച്ച പാവങ്ങളുടെ പ്രേഷിതനായ ഗ്വനേലാ പഠിപ്പിക്കുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.  

വൈകാത്തതും ജാഗ്രതയുള്ളതുമായ ഉപവി വിശുദ്ധ ലൂയി ഗ്വനേലായെ നയിച്ച മൂന്നാമത്തെ പുണ്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. തന്‍റെ ബന്ധുവായ എലിസബത്തിന് തന്‍റെ സഹായം അങ്ങകലെ ആവശ്യമുണ്ടെന്ന് വെളിപ്പെട്ടുകിട്ടിയ മറിയം, വൈകാതെ വേഗത്തില്‍ അവിടേയ്ക്ക് പുറപ്പെട്ടുപോയി എന്ന സുവിശേഷമൂല്യവും വിശുദ്ധ ഗ്വനേലായുടെ ജീവിതവെളിച്ചമായിരുന്നെന്ന് പാപ്പാ വിശേഷിപ്പിച്ചു.

വിശുദ്ധ ഗ്വനേലായുടെ ഹ്രസ്വജീവചരിത്രം:

1842-ല്‍ വടക്കെ ഇറ്റലിയില്‍ ആല്‍പൈന്‍ താഴ്വാരത്ത് ജനിച്ചു.ട്യൂറിന്‍ നഗരത്തിലെത്തി വിശുദ്ധ ഡോണ്‍ബോസ്ക്കോയുടെ ഓറട്ടറിയില്‍ പഠിച്ചു.

1866-ല്‍ രൂപതാവൈദികനായി. പാവങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

1908-ല്‍ നിരാലംബര്‍ക്കും അംഗവിഹീനര്‍ക്കുമായുള്ള പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ഉപവിയുടെ ദാസന്മാരുടെ സഭ (Congregation of the Servants of Charity) സ്ഥാപിച്ചു.

1909-ല്‍ പത്താം പിയൂസ് പാപ്പായുടെ ആഹ്വാനമുള്‍ക്കൊണ്ട് റോമില്‍ അഗതികള്‍ക്കായുള്ള ഭവനം തുറന്നു.

1912-ല്‍ ഗ്വനേലയുടെ ആതുരശുശ്രൂഷ അമേരിക്കയിലെ കുടിയേറ്റക്കാരുടെ ഇടയിലേയ്ക്കും വ്യാപിപ്പിച്ചു.

1915-ല്‍ ക്രിസ്തുവിന്‍റെ ധീരനായ കര്‍മ്മയോഗി കാലംചെയ്തു.

1964-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തി.

2011-ല്‍ പാവങ്ങളുടെ പിതാവായ ഡോണ്‍ ലൂയി ഗ്വനേലയെ പാപ്പാ ബനഡിക്ട് 16-മനാണ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തിയത്.

Source: Vatican Radio