News >> അല്‍മായപ്രേഷിതത്വം സുവിശേഷത്തിന്‍റെ സ്നേഹപ്രകരണമെന്ന് പാപ്പാ ഫ്രാന്‍സിസ്
ക്രിസ്തുവിന്‍റെ പ്രവാചകദൗത്യത്തിൽ പങ്കാളികളാണ് അല്‍മായരെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നവംബര്‍ 12-ാം വ്യാഴാഴ്ച റോമില്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.ദൈവജനത്തിന്‍റെ കാതലാണ് അല്‍മായസമൂഹമെന്നും, ക്രിസ്തുവിന്‍റെ പൗരോഹിത്യ-പ്രവാചക-രാജകീയ സ്ഥാനങ്ങളില്‍ സഭാനേതൃത്വത്തോടൊപ്പം തുല്യപങ്കുകാരാണ് അവരെന്നും, 50-ാം വാര്‍ഷികം ആഘോഷിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ
Apostolicam Actuositatem, 'അല്‍മായപ്രേഷിതത്വം' എന്ന അല്‍മായരെക്കുറിച്ചുള്ള പ്രമാണരേഖയെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിച്ചു.ലോകത്തുള്ള സഭാശുശ്രൂഷയുടെ പുളിമാവാണ് അല്‍മായരെന്നും, അവര്‍ സ്വീകരിച്ചിട്ടുള്ള ജ്ഞാനസ്നാനാഭിഷേകത്താല്‍ അവര്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാരും, മനുഷ്യ യാതനകളുള്ള ഇടങ്ങളില്‍ പ്രത്യാശയും പ്രകാശവും സ്നേഹവും പകരാന്‍ കരുത്തുള്ള പ്രേഷിതരുമാണെന്ന് പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കണ്ട 'ത്രിമാന ഭാവമുള്ള സ്നേഹപ്രകരണ'മായിരുന്നു അല്‍മായപ്രേഷിതത്വമെന്ന് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. അതിനാല്‍ ദൈവത്തോടും മാനവകുലത്തോടും സഭയോടും ഒരുപോലുള്ള ക്രൈസ്തവ സമര്‍പ്പണത്തിന്‍റെ മൂര്‍ത്തരൂപമാണ് അല്‍മായ പ്രേഷിതത്വമെന്നും പാപ്പാ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.Source: Vatican Radio