News >> കൊടുങ്ങല്ലൂര്‍ മാര്‍തോമ തീര്‍ഥാടനം നാളെ, ഒരുക്കങ്ങളായി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത വര്‍ഷംതോറും നടത്തിവരാറുള്ള കൊടുങ്ങല്ലൂര്‍ മാര്‍തോമ തീര്‍ഥാടനം മാര്‍തോമാശ്ളീഹായുടെ ഭാരതപ്രവേശന തിരുനാളായ നാളെ (15-11-2015) രാവിലെ 6.30നു ഇരിങ്ങാലക്കുട കത്തീഡ്രല്‍ അങ്കണത്തില്‍നിന്ന് ആരംഭിക്കും. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കുന്ന പദയാത്രയില്‍ രൂപതയിലെ വൈദികര്‍, സന്യസ്തര്‍, സാമുദായിക സാംസ്കാരിക അല്മായ യുവപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മാര്‍തോമാശ്ളീഹായുടെ ഭാരതപ്രവേശനത്തിന്റെ 1963-ാം വാര്‍ഷികത്തോടനുബന്ധിച്ച് സഭയിലെ സമര്‍പ്പിതവര്‍ഷാചരണത്തില്‍ നടക്കുന്ന യാത്രയില്‍ 134 ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കുചേരു ന്നുണ്ട്. കോലോത്തുംപടി, നടവരമ്പ്, വര്‍ക്ക് ഷോപ്പ് പടി, വെള്ളാങ്കല്ലൂര്‍, കോണത്തുകുന്ന്, കരൂപ്പടന്ന സ്കൂള്‍ ഗ്രൌണ്ട്, പുല്ലൂറ്റ് സ്കൂള്‍ ഗ്രൌണ്ട് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കൊടുങ്ങല്ലൂര്‍ സെന്റ് മേ രീസ് ദൈവാലയത്തോടനുബന്ധി ച്ചുള്ള സാന്തോം സ്ക്വയറില്‍ പദയാത്ര സമാപിക്കും. തുടര്‍ന്ന് ബിഷപ്പുമാരും സാമുദായിക സാംസ്കാരിക പ്രതിനിധികളും ചേര്‍ന്ന് കല്‍വിളക്ക് തെളിയിക്കും. സി.എന്‍. ജയദേവന്‍ എംപി, ടി.എന്‍. പ്രതാപന്‍ എംഎല്‍എ, ബി.ഡി. ദേവസി എംഎല്‍എ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.

ക്രിസ്തുദര്‍ശന്‍ കമ്യൂണിക്കേഷന്‍ തയാറാക്കിയ 'ഇരിങ്ങാലക്കുട രൂപത ഭാരത കത്തോലിക്കാ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍' എന്ന ഡോക്യുമെന്ററി സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. ല്യൂമന്‍ യൂത്ത് സെന്ററിന്റെ കെട്ടിട നിര്‍മാണത്തിന്റെയും കാരുണ്യവര്‍ഷത്തില്‍ ഇരിങ്ങാലക്കുട, ചാലക്കുടി പട്ടണത്തില്‍ സൌജന്യ ഭക്ഷണം നല്‍കുന്നതിന്റെയും ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനത്തില്‍ നിര്‍വഹിക്കും. ആത്മീയ കലാവിരുന്നുകളോടൊപ്പം മുഴുവന്‍ തീര്‍ഥാടകര്‍ക്കും സ്നേഹവിരുന്നും തയാറാക്കിയിട്ടുണ്െടന്നു ഭാരവാഹികള്‍ അറിയിച്ചു.

ദിവ്യബലിക്കു മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍, വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്യന്‍ മാളിയേക്കല്‍, മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ജോബി പൊഴോലിപ്പറമ്പില്‍, ഫൊറോന വികാരിമാര്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ക്ളമന്റ് ചിറയത്ത്, കൊടുങ്ങല്ലൂര്‍ പള്ളി വികാരി ഫാ. സജി പൊന്മിനിശേരി എന്നിവര്‍ സഹകാര്‍മികരായിരിക്കും. Source: Deepika