News >> ദിവ്യകാരുണ്യം പഠിപ്പിക്കുന്നതു സര്‍വചരാചരങ്ങളെയും കരുണയോടെ സമീപിക്കാന്‍: മാര്‍ ആലഞ്ചേരി

സിജോ പൈനാടത്ത്

മുംബൈ: ക്രിസ്തുവിന്റെ കരുണാര്‍ദ്രമായ ഭാവത്തോടെ പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളെയും സമീപിക്കാനാണു ദിവ്യകാരുണ്യം പഠിപ്പിക്കുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുംബൈയിലെ ഗോരെഗാവ് സെന്റ് പയസ് ടെന്‍ത്ത് കോളജില്‍ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ രണ്ടാം ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. 
ദൈവത്തിന്റെ സ്നേഹവും കരുണയും ഓര്‍മപ്പെടുത്തുന്നതാവണം നമ്മുടെ അനുദിന ജീവിതം. ആധുനിക ലോകത്തില്‍ കുടുംബങ്ങളുടെ നവീകരണത്തിനു സഭ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സഭയുടെ ഇടവകകളും രൂപതകളും സഭയാകെയും മാനുഷിക മൂല്യങ്ങളാല്‍ നിറയണം.

മുംബൈയില്‍ 1964ല്‍ നടന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാവണം മോണ്‍. അഗസ്റിന്‍ കണ്ടത്തില്‍ സേവ് എ ഫാമിലി പ്ളാന്‍ എന്ന മഹത്തായ പ്രസ്ഥാനത്തിനു തുടക്കമിട്ടത്. ഇന്ന് ഇന്ത്യയിലെമ്പാടും ജാതി മത ഭേദമന്യേ പാവങ്ങള്‍ക്കു ക്രിസ്തീയമായ കാരുണ്യം എല്ലാ അര്‍ഥത്തിലും പകര്‍ന്നുനല്‍കുന്ന ജീവകാരുണ്യ പ്രസ്ഥാനമായി സേവ് എ ഫാമിലി പ്ളാന്‍ വളര്‍ന്നുകഴിഞ്ഞു. - അദ്ദേഹം ചൂണ്ടിക്കാട്ടി. 

സീറോ മലബാര്‍ ആരാധനക്രമത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കല്യാണ്‍ രൂപത ബിഷപ് മാര്‍ തോമസ് ഇലവനാല്‍ എന്നിവര്‍ പ്രധാന സഹകാര്‍മികരായി. ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോ, മാര്‍പാപ്പയുടെ പ്രതിനിധി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്ത്, റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ എന്നിവരും ഭാരതത്തിലെ വിവിധ രൂപതകളില്‍നിന്നുള്ള മെത്രാന്‍മാരും വൈദികരും സഹകാര്‍മികരായി. 

വിവിധ വിഷയങ്ങളില്‍ ഫാ.ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ്, ഫാ. തോമസ് വിജയ്, ബിഷപ് മാര്‍ ഏബ്രഹാം യൂലിയോസ് എന്നിവര്‍ പ്രബന്ധാവതരണം നടത്തി. വൈകുന്നേരം നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പ്രതിനിധികള്‍ തിരികളേന്തി പങ്കെടുത്തു. ഇന്നു രാവിലെ 11.30ന് സീറോ മലങ്കര റീത്തില്‍ ദിവ്യബലി അര്‍പ്പിക്കും. ദിവ്യകാരുണ്യ കോണ്‍ഗ്രസ് നാളെ(15-11-2015) സമാപിക്കും. Source: Deepika