News >> വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ നിലപാടുകള്‍ക്കു കനത്ത വില നല്‍കേണ്ടിവരും: മാര്‍ താഴത്ത്
കൊച്ചി: വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാണിക്കുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരും ഭരണമുന്നണിയും സ്വീകരിക്കുന്ന നിലപാടുകള്‍ക്കു കനത്ത വില നല്‍കേണ്ടി വരുമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കെസിബിസി. വിദ്യാഭ്യാസ കമ്മീഷന്‍ വിളിച്ചുചേര്‍ത്ത കത്തോലിക്ക കോര്‍പറേറ്റ് മാനേജര്‍മാരുടെയും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രതിനിധികളുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനുണ്ടായ തിരിച്ചടിക്കു വിദ്യാഭ്യാസ പ്രശ്നങ്ങളും കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപകരുടെ തസ്തിക നിര്‍ണയം ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ തൃശൂര്‍ ബിഷപ്സ് ഹൌസില്‍ ചേര്‍ന്ന കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ വിപുലമായ യോഗം തീരുമാനിച്ചു.
നിരവധി വര്‍ഷങ്ങളായി നിയമിക്കപ്പെട്ട അധ്യാപകരുടെ തസ്തിക നിര്‍ണയം അംഗീകരിക്കപ്പെടുന്നില്ല. അവര്‍ക്ക് വര്‍ഷങ്ങളായി ശമ്പളം ലഭിക്കുന്നില്ല. അധ്യാപകരുടെ അവധി ഒഴിവുകളിലെ നിയമനങ്ങള്‍ അംഗീകരിക്കുന്നില്ല. മൂന്നു മാസം വരെയുള്ള അവധികളില്‍ നിയമനം നടത്തില്ല തുടങ്ങിയ സര്‍ക്കാര്‍ നിലപാടു വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശങ്ങളെ ഹനിക്കുന്നതും വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയെയും വിദ്യാലയങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി യോഗം വിലയിരുത്തി. പ്രശ്നപരിഹാരത്തിനു സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നില്ല. അധ്യാപക പാക്കേജും കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുന്നതും അധ്യാപക- വിദ്യാര്‍ഥി അനുപാതത്തിന്റെ പരിഷ്കരണവും ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ലബ്ബ കമ്മീഷന്‍ റിപ്പോര്‍ട്ടും എവിടെയെത്തി നില്ക്കുന്നു എന്നതും ആര്‍ക്കും ഒരു നിശ്ചയവുമില്ല. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ഏകജാലക സംവിധാനത്തില്‍ പിന്‍വാതിലിലൂടെ കുട്ടികളെ പ്രവേശിപ്പിക്കുന്നതും പാഠപുസ്തക വിതരണത്തിലെ പിഴവുകളും എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിലെ പാളിച്ചയും വിദ്യാഭ്യാസ വകുപ്പിനു നാണക്കേടുണ്ടാക്കി.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ചും ജില്ലകളില്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളിലേക്കുള്ള മാര്‍ച്ചും പ്രതിഷേധ സമ്മേളനങ്ങളും നടത്തി. വിവിധ രൂപതാധ്യക്ഷന്മാര്‍ അതിനു നേതൃത്വം നല്‍കുകയും ചെയ്തിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടിക്കു രൂപംനല്‍കാന്‍ യോഗം തീരുമാനിച്ചത്. സാഹചര്യം വിശദീകരിച്ചു ലഘുലേഖ വിതരണം ചെയ്യും.
ഡിസംബര്‍ ഒന്നിന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രതിഷേധദിനം ആചരിക്കും. എല്ലാ അധ്യാപകരും അന്ന് ബാഡ്ജ് ധരിച്ചു സ്കൂളുകളിലെത്തും. പോസ്റര്‍ പ്രചാരണം, പ്രതിഷേധ യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പിടിഎ എക്സിക്യൂട്ടീവ് യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിശദീകരിക്കും.
മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 മുതല്‍ ദ്വിദിന ഉപവാസസമരം സെക്രട്ടേറിയറ്റ് പടിക്കല്‍ സംഘടിപ്പിക്കും. 10ന് ടീച്ചേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന ഭാരവാഹികള്‍ ഉപവാസം ആരംഭിക്കും. 11ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് അധ്യാപകര്‍ സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കും. തിരുവനന്തപുരത്ത് എത്തിച്ചേരാന്‍ കഴിയാത്ത അധ്യാപകര്‍ അന്ന് ഉപവസിച്ച് അധ്യാപനം നടത്തി സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ഡിസംബര്‍ 11നു ശേഷം യോഗം ചേര്‍ന്നു ഭാവി പരിപാടിക്കു രൂപം നല്‍കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളല്‍നിന്നായി എണ്‍പതോളം കോര്‍പറേറ്റ് മാനേജര്‍മാരും ടീച്ചേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന ഭാരവാഹികളും രൂപതാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷതവഹിച്ചു. കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. തോമസ് പനയ്ക്കല്‍, ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍,
ഫാ.സ്റാന്‍ലി കുന്നേല്‍, ഫാ. ടോണി കോഴിപ്പറമ്പില്‍, ഫാ. ആന്റണി ചെമ്പകശേരി, കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് ജോഷി വടക്കന്‍, സാലു പതാലില്‍, എം.എല്‍. സേവ്യര്‍, ആമോദ് മാത്യു, ജോസഫ് കെ. നെല്ലുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Source: Deepika