News >> മദ്യവിരുദ്ധ സമിതിയുടെ ത്രിദിന കൌണ്‍സലിംഗ് പരിശീലനം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മദ്യം ആത്മീയ അന്തരീക്ഷം തകര്‍ക്കുന്നുവെന്നു മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്. കെസിബിസി മദ്യവിരുദ്ധ സമിതി നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന കൌണ്‍സിലിംഗ് പരിശീലന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യം വ്യക്തികളെയും കുടുംബങ്ങളെയും തകര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ലഹരിക്കെതിരായ പോരാട്ടത്തിനു കത്തോലിക്കാസഭ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു വളരെയേറെ എതിര്‍പ്പുകള്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഉണ്ടാകുന്നുണ്ട്. സ്ഥിരതയോടുകൂടിയുള്ള ഒരു ത്യാഗ സമര്‍പ്പണം ഈ നിയോഗത്തിന് ആവശ്യമുണ്ട്. മദ്യത്തില്‍നിന്നും മയക്കുമരുന്നില്‍നിന്നും വിടുതല്‍ നേടാന്‍ പ്രാര്‍ഥനയുടെ വാതില്‍ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി മദ്യത്തിനും മയക്കുമരുന്നിനും എതിരേ പ്രവര്‍ത്തിക്കുന്നതിനും സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും കെസിബിസി മദ്യവിരുദ്ധ സമിതിക്കു കഴിഞ്ഞിട്ടുണ്െടന്നു ചടങ്ങില്‍ പ്രസംഗിച്ച സുബോദം പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.അമ്പാടി പറഞ്ഞു.


ചടങ്ങില്‍ ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര അനുഗ്രഹ പ്രഭാഷണംനടത്തി. കെസിബിസി റീജിയണല്‍ ഡയറക്ടര്‍ ഫാ.ജോണ്‍ അരീക്കല്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ കെസിബിസി ജനറല്‍ സെക്രട്ടറി ഫാ.ടി.ജെ.ആന്റണി, കേരള ഗാന്ധിസ്മാരക നിധി തിരുവനന്തപുരം വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.എന്‍.രാധാകൃഷ്ണന്‍, ഡബ്ളിയുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ജോണ്‍സണ്‍ ഇടയാറന്മുള, കെസിബിസി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എഫ്.എം.ലാസര്‍, എം.ഡി. റാഫേല്‍, സെക്രട്ടറി ആന്റണി ജേക്കബ്, റീജണല്‍ പ്രസിഡന്റ് വൈ.രാജു, ശ്രീകുമാര്‍ കോഴിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു. ത്രിദിന കൌണ്‍സിലിംഗ് പരിശീലന പരിപാടി ഇന്നു (15-11-2015) സമാപിക്കും.
Source: Deepika