News >> ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇന്നു (15-11-2015) സമാപനം

സിജോ പൈനാടത്ത്

മുംബൈ: ഭാരത കത്തോലിക്കാ സഭയുടെ ദിവ്യകാരുണ്യഭക്തിയും വിശ്വാസതീക്ഷ്ണതയും കൂട്ടായ്മയുടെ സാക്ഷ്യവും അടയാളപ്പെടുത്തി ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഇന്നു മുംബൈയില്‍ സമാപനം. 

കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വിശ്വാസി സമൂഹങ്ങളിലെ പ്രതിനിധികള്‍ സംഗമിച്ച ദിവ്യകാരുണ്യ കോണ്‍ഗ്രസ് സഭാചരിത്രത്തില്‍ തിളക്കമുള്ള മുഹൂര്‍ത്തങ്ങള്‍ എഴുതിച്ചേര്‍ത്താണു കൊടിയിറങ്ങുന്നത്. 

ഇന്നലെ രാവിലെ വിവിധ വിഷയങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് സിറിയക് ജോസഫ്, എ. പുഷ്പരാജന്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തി. 

സീറോ മലങ്കര റീത്തിലുള്ള ദിവ്യബലിയില്‍ ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് മുഖ്യകാര്‍മികത്വം വഹിച്ചു. മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ്, പൂന എക്സാര്‍ക്കേറ്റ് ബിഷപ് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ മുഖ്യസഹകാര്‍മികരായി. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്, ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ.ടെലസ്ഫോര്‍ ടോപ്പോ, വിവിധ രൂപതകളിലെ മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായി.

ഉച്ചകഴിഞ്ഞ് മുംബൈ അതിരൂപതയിലെ ഉത്തന്‍ വേളാങ്കണ്ണിമാതാ തീര്‍ഥാടനകേന്ദ്രത്തില്‍ നടന്ന ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയില്‍ പ്രതിനിധികള്‍ക്കൊപ്പം പതിനായിരത്തിലധികം വിശ്വാസികളും പങ്കെടുത്തു. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അവതരിപ്പിച്ച സാംസ്കാരിക പരിപാടികള്‍ ശ്രദ്ധേയമായി.

ഇന്നുരാവിലെ ഒമ്പതിനു സുപ്രീംകോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ്, അഡോള്‍ഫ് ഗോഡ്വിന്‍, ദിവ്യ ഇമ്മാനുവല്‍ എന്നിവര്‍ പ്രഭാഷണം നടത്തും. കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്തിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള സമൂഹബലിയോടെയാണു ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിക്കുന്നത്. 

Source: Deepika