News >> മാര്‍ത്തോമ്മാ തീര്‍ഥാടനം സമാപിച്ചു
കൊടുങ്ങല്ലൂര്‍: സര്‍വസമുദായ മൈത്രിയുടെ സംഗമവേദിയായ കൊടുങ്ങല്ലൂരില്‍ ചരിത്രമെഴുതി ഈ വര്‍ഷത്തെ മാര്‍ത്തോമ്മാ തീര്‍ഥാടനം സമാപിച്ചു. ദൈവത്തില്‍ ആശ്രയിക്കുന്ന, കാരുണ്യത്തിന്റെ മുഖം മറ്റുള്ളവരില്‍ ദര്‍ശിക്കുന്ന, പ്രകൃതിയുടെ സംരക്ഷകരാകുന്ന ഭാരതത്തിന്റെ മക്കളാകണം എല്ലാവരുമെന്നു മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു.
ഭാരത പ്രവേശന തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത സംഘടിപ്പിച്ച കൊടുങ്ങല്ലൂര്‍ തീര്‍ഥാടനത്തിന്റെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഫ്രാന്‍സിലെ ഭീകരാക്രമണത്തെ അപലപിച്ച ബിഷപ്, ഫ്രഞ്ച് ജനതയ്ക്കുവേണ്ടി പ്രാര്‍ഥിക്കാനും മതമൈത്രിയും സഹിഷ്ണുതയും എന്തു വിലകൊടുത്തു സംരക്ഷിക്കാനും സമ്മേളനത്തില്‍ പങ്കെടുത്ത വിശ്വാസിളോട് ആഹ്വാനംചെയ്തു.
ഇന്ത്യയില്‍ ക്രൈസ്തവ വിശ്വാസം ആദ്യമായി പ്രചരിപ്പിച്ച മാര്‍ തോ മ്മാശ്ളീഹായുടെ ഭാരതപ്രവേശനതിരുനാളായ നവംബര്‍ 15ന് ഇരിങ്ങാലക്കുട രൂപത വര്‍ഷങ്ങളായി നടത്തിവരുന്ന തീര്‍ഥാടനത്തിനു രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കി.
രാവിലെ 6.30നു ഇരിങ്ങാലക്കുട കത്തീഡ്രല്‍ അങ്കണത്തില്‍നിന്ന് ആരംഭിച്ചു. കരൂപ്പടന്ന സ്കൂള്‍ ഗ്രൌണ്ടില്‍ ജമാ അത്തെ ഇസ്ലാമിക് ഹിന്ദ് ഭാരവാഹികളായ കെ.എസ്. അബ്ദുള്‍ മജീദും ഹസന്‍ ഉള്ളയും തീര്‍ഥാടകരെ സ്വീകരിച്ചു. അഭിവന്ദ്യ പിതാക്കന്മാരും സാമുദായിക സാംസ്കാരിക പ്രതിനിധികളും ചേര്‍ന്നു കല്‍വിളക്ക് തെളിച്ചതോടെ സമാപനചടങ്ങുകള്‍ക്കു ആരംഭംകുറിച്ചു. ടി.എന്‍. പ്രതാപന്‍ എംഎല്‍എ, ബി.ഡി. ദേവസി എംഎല്‍എ എന്നിവര്‍ ആശംസയറിയിച്ചു.
ദിവ്യബലിക്കു മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വംവഹിച്ചു. ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍, വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്യന്‍ മാളിയേക്കല്‍, മോണ്‍.ആന്റോ തച്ചില്‍, മോണ്‍. ജോബി പൊഴോലിപ്പറമ്പില്‍, ഫൊറോന വികാരിമാര്‍, ജനറല്‍ കണ്‍വീനര്‍കൂടിയായ രൂപത ചാന്‍സലര്‍ റവ.ഡോ.ക്ളമന്റ് ചിറയത്ത്, സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ ഫാ.ജോസ് മഞ്ഞളി, ഫാ. നെവിന്‍ ആട്ടോക്കാരന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ല്യൂമന്‍ യൂത്ത് സെന്റര്‍ കെട്ടിട നിര്‍മാണത്തിന്റെ ശില വെഞ്ചിരിപ്പ് രൂപത മെത്രാന്‍ നിര്‍വഹിച്ചു.
കാരുണ്യവര്‍ഷത്തില്‍ സൌജന്യ ഭക്ഷണം നല്‍കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.
Source: Deepika