News >> ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു സമാപനം

സിജോ പൈനാടത്ത്

മുംബൈ: ഭാരത കത്തോലിക്കാ സഭയുടെ വിശ്വാസതീക്ഷ്ണതയ്ക്കു തിളക്കമേകി, കൂട്ടായ്മയുടെ സന്ദേശവുമായി ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനു ഭക്തിനിര്‍ഭരമായ സമാപനം. കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള കത്തോലിക്കാ രൂപതകളുടെ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും പുതിയ സാക്ഷ്യമായി ഈ ദിവ്യകാരുണ്യ ആഘോഷം. 

ഇന്നലെ ഉച്ചയ്ക്കു മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കൊളംബോ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയോടെയാണു ദിവ്യകാരുണ്യ കോണ്‍ഗ്രസിനു സമാപനമായത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, പ്രാദേശികമായ വേഷവിധാനങ്ങളോടെ അതാതു രൂപതകളുടെ പതാകയുമായി സമാപന പ്രദക്ഷിണത്തില്‍ അണിനിരന്നതു നിറപ്പകിട്ടേകി. 

സ്വയം വിശുദ്ധീകരിക്കാനും അതിലൂടെ മറ്റുള്ളവരെ വിശുദ്ധീകരിക്കാനും ദിവ്യകാരുണ്യഭക്തി കാരണമാകണമെന്ന് കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസസാക്ഷ്യത്തില്‍ ഭാരതസഭ എന്നും പ്രചോദനമാണെന്നും കര്‍ദിനാള്‍ മാല്‍ക്കം പറഞ്ഞു. മുംബൈ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. 

മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിക്ക് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഉപഹാരം കര്‍ദിനാള്‍  ഓസ്വാള്‍ഡ് ഗ്രേഷ്യസ് സമര്‍പ്പിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യകാരുണ്യ കോണ്‍ഗ്രസിനായി കൊടുത്തയച്ച കാസ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഏറ്റുവാങ്ങി. രാവിലെ ഒമ്പതിനു സുപ്രീംകോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ്, അഡോള്‍ഫ് ഗോഡ്വിന്‍, ദിവ്യ ഇമ്മാനുവല്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭകളിലെ 70 മെത്രാന്മാര്‍, ഇന്ത്യയിലെ 167 രൂപതകളില്‍നിന്നായി അറുന്നൂറോളം വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികള്‍ എന്നിവര്‍ മുംബൈയിലെ ഗൊരേഗാവ് പയസ്ടെന്‍ത് കോളജില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 


Source: Deepika