News >> ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഹൃദയം കീഴടക്കി ജസ്റീസ് കുര്യന്‍ ജോസഫിന്റെ ജീവിതസാക്ഷ്യം
മുംബൈ: സുപ്രീംകോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫിന്റെ വിശ്വാസതീക്ഷ്ണമായ ജീവിതപാഠങ്ങള്‍ പങ്കുവച്ചതു ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഹൃദ്യമായ കൈയടി നേടി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കര്‍ദിനാള്‍ ഡോ. മാല്‍ക്കം രഞ്ജിത് തന്റെ ദിവ്യബലി സന്ദേശത്തില്‍ ജസ്റീസ് കുര്യന്‍ ജോസഫിന്റെ അനുഭവ വിവരണം പ്രത്യേകം പരാമര്‍ശിച്ചതും ശ്രദ്ധേയമായി.
ദിവ്യകാരുണ്യം ആദ്യമായി സ്വീകരിച്ച നാള്‍ മുതല്‍ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, ഭാരതത്തിലെ പരമോന്നത നീതിപീഠത്തില്‍ ന്യായാധിപനായി ഇരിക്കുമ്പോഴും, ദിവ്യകാരുണ്യ സ്വീകരണമാണു തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ശക്തിയും ഊര്‍ജവുമെന്നു ജസ്റീസ് കുര്യന്‍ ജോസഫ് തന്റെ അനുഭവസാക്ഷ്യത്തില്‍ വ്യക്തമാക്കി. മാതാപിതാക്കളും സഹോദരങ്ങളും ബാല്യകാലത്തു പകര്‍ന്നുനല്‍കിയ ചിട്ടയായ വിശ്വാസ ആഭിമുഖ്യം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയിലായിരിക്കുമ്പോള്‍ എറണാകുളത്തെ നിത്യാരാധന കേന്ദ്രത്തില്‍ പോകുന്നതു പതിവായിരുന്നു. ന്യായാധിപനെന്ന പദവിയുടെ അകമ്പടികള്‍ മാറ്റിവച്ചു ദിവ്യകാരുണ്യഭക്തി പ്രകടിപ്പിക്കാനും അതില്‍ ജീവിക്കാനും ഒരിക്കലും മടി തോന്നിയിട്ടില്ല. നാളിതുവരെ തന്നെ വഴിനടത്തിയ ദിവ്യകാരുണ്യം നാളെകളിലും തനിക്കു കൂട്ടാകുമെന്നുതന്നെയാണ് വിശ്വാസവും പ്രതീക്ഷയും. ദൈവത്തോട് നാം എന്തു ചോദിക്കുന്നു എന്നതല്ല നമുക്ക്എന്താണ് ആവശ്യം എന്നതാണു ദൈവത്തിന്റെ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.