News >> ഭൗതികതയും കപടജീവിതവും


ലൗകികത്വം കപട ജീവിതത്തിലേക്കു നയിക്കുമെന്ന് പാപ്പാ.

     വത്തിക്കാനില്‍  ചൊവ്വഴ്‍ച (17/11/15) രാവിലെ താനര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പാ.

     നിഷിദ്ധവസ്തു ഭക്ഷിച്ച് ദുര്‍മാതൃകയേകുന്നതിനേക്കാള്‍ നല്ലത് മരണം വരിച്ച് ഉത്തമമാതൃകയേകുകയാണെന്ന ബോധ്യത്താല്‍  വയോധികനും കുലീനനുമായിരുന്ന ഏലെയാസര്‍ രക്തസാക്ഷിത്വം വരിക്കുന്ന സംഭവം (2മക്കബായർ 6:18-31) ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

     വിശ്വാസാനുസൃത ജീവിതം നയിച്ച ഏലെയാസറിന് മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ലൗകികരായ സുഹൃത്തുക്കള്‍ വച്ചുനീട്ടിയ പന്നിമാംസം തിന്നാതെ അതു തിരസ്ക്കരിച്ചുകൊണ്ട് സ്വന്തം ശ്രേഷ്ഠത നിലനിര്‍ത്തുകയും നിണസാക്ഷിയാകുകയുമായിരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

     ഭൗതികതയാര്‍ന്ന ആദ്ധ്യാത്മികത നമ്മെ വിശ്വാസാനുസൃത ജീവിതത്തില്‍നിന്നകറ്റി കപടജീവിതത്തിലേക്കു നയിക്കുകയും നാമറിയാതെതന്നെ നമ്മെ സാവധാനം നശിപ്പിക്കുകയും ചെയ്യുമെന്ന് പാപ്പാ പറഞ്ഞു.

     പ്രാപഞ്ചികത ആകുന്ന ചിതല്‍ ക്രൈസ്തവ അനന്യതയെ നശിപ്പിച്ചുകൊണ്ട് ക്രൈസ്തവനെ വിശ്വാസാനുസൃത ജീവിതം നയിക്കാന്‍ അപ്രാപ്തനാക്കിത്തീര്‍ക്കുകയാണെന്ന് പാപ്പാ വിശദീകരിച്ചു.

     ഈ ലോകത്തില്‍ ജീവിക്കുക അത്രഎളുപ്പമല്ല എന്ന് പലരും പറയാറുള്ളത് അനുസ്മരിച്ച പാപ്പാ അത് നമുക്ക് ആയാസകരം മാത്രമല്ല അസാധ്യവുമാണെന്നും ആകയാല്‍ സങ്കീര്‍ത്തനത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നതുപോലെ കര്‍ത്താവിന്‍റെ സഹായം അനിവാര്യമാണെന്നും ഉദ്ബോധിപ്പിച്ചു. 

Source: Vatican Radio