News >> മതങ്ങള്‍ വിദ്വേഷത്തിന്‍റെ തടവറയ്ക്കുള്ളിലാകരുത്.
മതങ്ങള്‍ വിദ്വേഷത്തിന്‍റെ തടവറയ്ക്കുള്ളിലാകാതെ അനുകമ്പ പ്രസരിപ്പിക്കണമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല. ഇറ്റലിയിലെ ഒരു മാസികയായ "ഫമീല്യ ക്രിസ്ത്യാന"യ്ക്കനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം ആസന്നമായിരിക്കുന്ന കരുണയുടെ ജൂബിലിവര്‍ഷത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഏകദൈവത്തിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്ന മൂന്നു മതങ്ങളും ദൈവം കാരുണ്യവാനാണെന്ന് ഒരുപോലെ അംഗീകരിക്കുന്നു എന്നത് അനുകമ്പ പ്രസരിപ്പിക്കുകയെന്ന മതങ്ങളുടെ ദൗത്യത്തിന് കൂടുതല്‍ ശക്തി പകരുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. എല്ലാ നാടുകളിലും ജീവന്‍റെ മാര്‍ഗ്ഗം എന്ന നിലയില്‍ മതങ്ങള്‍ ഭയത്തിനെതിരെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയും ആര്‍ച്ചുബിഷപ്പ് റീനൊ ഫിസിക്കേല്ല ചൂണ്ടിക്കാട്ടി. പാരീസില്‍ നടന്ന ഭീകരാക്രമണമുള്‍പ്പെടെയുള്ള അതിക്രമങ്ങളെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്ന് ഉപരിനിര്‍ണ്ണായക ഇടപെടല്‍ ഉണ്ടാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.Source: Vatican Radio