News >> ജൂബിലികവാടം തുറക്കാന്‍ വത്തിക്കാനില്‍ തയ്യാറെടുപ്പ്
ജൂബിലികവാടം തുറക്കുവാനുള്ള ഒരുക്കങ്ങള്‍ വത്തിക്കാനില്‍ ആരംഭിച്ചു. നവംബര്‍ 17-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം ജൂബിലി കവാടത്തിന്‍റെ പിന്നിലെ താലിക്കാലിക ഭിത്തി ഔപചാരികമായി പൊളിച്ചുകൊണ്ടാണ് വത്തിക്കാനിലെ ജൂബിലി കവാടം തുറക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.ഭിത്തിയില്‍ സൂക്ഷിച്ചിരിക്കുന്ന പേടകം തുറന്ന് പരിശോധന (review) നടത്തിയ കര്‍മ്മത്തോടെ കുരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തിന്‍റെ വത്തിക്കാനിലെ കവാടം തുറക്കുവാനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഇടതുഭാഗത്തുള്ള കവാടമാണ് സഭയുടെ ജൂബിലി ആഘോഷങ്ങള്‍ക്കു മാത്രം തുറക്കപ്പെടുന്ന ജൂബിലി കവാടം. ഒരു ജൂബിലിയുടെ സമാപനത്തില്‍ കവാടം ഔദ്യോഗികമായി അടച്ചാല്‍ പിന്നെ അടുത്ത ജൂബിലിക്കു മാത്രമാണ് അത് വീണ്ടും തുറക്കപ്പെടുന്നത്.2000-ാമാണ്ട് മഹാജൂബിലിക്ക് അടച്ച കവാടമാണ് 15 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരിക്കുന്നതും, ഡിസംബര്‍ 8-ന് അമലോത്ഭവ തിരുനാളിന് അംഭിക്കുന്നതുമായ കാരുണ്യത്തിന്‍റെ ജൂബിലിക്കായി തുറക്കപ്പെടുവാന്‍ പോകുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.ജൂബിലി കവാടത്തിന്‍റെ പിന്നില്‍ കെട്ടിയടച്ച താല്‍ക്കാലിക ഭിത്തി പൊളിച്ച് അതില്‍ സൂക്ഷിച്ചിരിക്കുന്ന പേടകം എടുത്തുമാറ്റി, ഭിത്തി നീക്കംചെയ്യുന്നതോടെ ജൂബിലികവാടം തുറക്കാനുള്ള ഒരുക്കുങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പേടകത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള മുന്‍ജൂബിലിയുടെ രേഖകളും, വാതിലിന്‍റെ താക്കോല്‍, മറ്റുസ്മാരകങ്ങള്‍ എന്നിവ വത്തിക്കാന്‍റെ ആരാധനക്രമകാര്യങ്ങള്‍ക്കായുള്ള ഓഫിസിന്‍റെ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി ശേഖരിച്ച് അത് ജൂബിലിയുടെ നടത്തിപ്പിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് റീനോ ഫിസിക്കേലായെ ഏല്പിച്ചതായി പ്രസ്താവന അറിയിച്ചു.രക്ഷാകര ചരിത്രത്തിന്‍റെ നാഴികക്കല്ലുകളായ സംഭവങ്ങള്‍ ചെമ്പുതകിടില്‍ കൊത്തിപ്പിടിപ്പിച്ചിട്ടുള്ള ജൂബിലി കവാടത്തിന്‍റെ പാളികള്‍ പോളിഷ് ചെയ്ത് അലങ്കരിക്കുന്നതോടെ ഡിസംബര്‍ 8-നുള്ള കാരുണ്യത്തിന്‍റെ ജൂബിലി ഉത്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും വത്തിക്കാന്‍റെ പ്രസ്താവന വിശദീകരിച്ചു.Source: Vatican Radio