News >> ദൈവിക കാരുണ്യത്തിലേയ്ക്കുളള നടവഴിയാണ് തീര്‍ത്ഥാടനം
ദൈവികകാരുണ്യത്തിലേയ്ക്കുള്ള നടവഴിയാണ് തീര്‍ത്ഥാടനമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു.നവംബര്‍ 14-ാം തിയതി ശനിയാഴ്ച വത്തിക്കാന്‍റെ ദിനപത്രം '
ലൊസര്‍വത്തോരെ റൊമാനോ'-യുടെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ 'തീര്‍ത്ഥാടനവും കാരുണ്യവും,' എന്ന ലേഖനത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ കാരുണ്യത്തിന്‍റെ തീര്‍ത്ഥാടനത്തെക്കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത്.സഭയുടെ ചരിത്രകാലമൊക്കെയും തീര്‍ത്ഥാടനങ്ങള്‍ ശ്രദ്ധേയമാണെന്നും, ദൈവത്തിന്‍റെ കരുണയും സ്നേഹവും തേടി വിശ്വാസികള്‍ വിശുദ്ധനാട്ടിലേയ്ക്കും വിശുദ്ധസ്ഥലങ്ങളിലേയ്ക്കും മരിയന്‍ കേന്ദ്രങ്ങളിലേയ്ക്കും, വിശുദ്ധരുടെ പുണ്യഗേഹങ്ങളിലേയ്ക്കും വിശ്വാസത്തോടും അനുതാപത്തോടുംകൂടെ ദൈവികകാരുണ്യം തേടിയും അനുഗ്രഹങ്ങള്‍ തേടിയും യാത്രചെയ്തിട്ടുണ്ട്. അതിന്‍റെ തുടര്‍ക്കഥയാണ് ഇന്നുമുള്ള തീര്‍ത്ഥാടനങ്ങളെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ ലേഖനത്തില്‍ സ്ഥാപിക്കുന്നു.എല്ലാ മനുഷ്യഹൃദയങ്ങളെയും ദൈവത്തിന്‍റെ കരുണ സ്പര്‍ശിക്കണം, സകലരും ദൈവിക കാരുണ്യം സ്വീകരിക്കാന്‍ ഇടയാവണം എന്ന ഉദ്ദേശ്യത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക സഭകളിലും ഭദ്രാസനദേവാലയങ്ങളിലും, തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ജൂബിലി കവാടങ്ങള്‍ തുറക്കുന്നതിനുള്ള അനുവാദം നല്‍കിക്കൊണ്ട് സകലരെയും അനുരജ്ഞനത്തിലേയ്ക്കും സമാധാനത്തിലേയ്ക്കുമുള്ള ദൈവിക കാരുണ്യത്തിന്‍റെ തീര്‍ത്ഥാടനത്തിലേക്ക് പാപ്പാ ഫ്രാന്‍സിസ് മാടിവിളിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ തന്‍റെ ലേഖനത്തില്‍ സമര്‍ത്ഥിച്ചു.Source: Vatican Radio