News >> കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി വജ്രജൂബിലി ആഘോഷം 25, 26 തീയതികളില്‍
സ്വന്തം ലേഖകന്‍
കൊച്ചി: ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ അറുപതാം വാര്‍ഷികാഘോഷം 25, 26 തിയതികളില്‍ നടക്കും. സെമിനാരിയില്‍ ഇതുവരെ പഠിച്ച എല്ലാ വൈദികരും ഒരുമിച്ചുചേര്‍ന്നുള്ള ദിവ്യബലി ഉള്‍പ്പെടെ വിപുലമായ ആഘോഷങ്ങളാണ് വജ്രജൂബിലിയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആയിരുന്ന ആര്‍ച്ച്ബിഷപ് ഡോ. മാര്‍ട്ടിന്‍ ലൂക്കസാണ് 1955 നവംബര്‍ 24ന് കാര്‍മല്‍ഗിരി സെമിനാരി ആശീര്‍വദിച്ചത്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലെ തത്വശാസ്ത്രവിഭാഗമായി പ്രവര്‍ത്തനമാരംഭിച്ച കാര്‍മല്‍ഗിരിയില്‍ സഭയിലെ മൂന്നു റീത്തിലെയും വൈദികവിദ്യാര്‍ഥികള്‍ ഒരുമിച്ചാണു പരിശീലനം നേടിയിരുന്നത്.
വ്യക്തിഗതസഭകളുടെ ആധ്യാത്മിക പാരമ്പര്യമനുസരിച്ചു വൈദികവിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനായി 1996 ഒക്ടോബര്‍ ഏഴിന് ആലുവ പൊന്തിഫിക്കല്‍ സെമിനാരിയെ മാര്‍പാപ്പ റീത്തുകളുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ചു. അതനുസരിച്ചു മംഗലപ്പുഴ സെമിനാരി സീറോ മലബാര്‍ സഭയുടെയും കാര്‍മല്‍ഗിരി കേരള ലത്തീന്‍ സഭയുടെയും വൈദികപരിശീലന കേന്ദ്രങ്ങളായി. അതേസമയം, ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫി ഇപ്പോഴും ഏക സ്ഥാപനമാണ്. ഇതിന്റെ രണ്ടു കാമ്പസുകളാണ് മംഗലപ്പുഴ, കാര്‍മല്‍ഗിരി സെമിനാരികള്‍. ഇന്നു കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നും കേരളത്തിനു പുറത്തുള്ള ഏതാനും രൂപതകളില്‍നിന്നുമായി 160 വൈദികവിദ്യാര്‍ഥികള്‍ കാര്‍മല്‍ഗിരി സെമിനാരിയില്‍ പരിശീലനം നേടുന്നുണ്ട്.
വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂര്‍വവിദ്യാര്‍ഥി ദിനമായി ആചരിക്കുന്ന 25നു രാവിലെ 11നു കാര്‍മല്‍ഗിരി സെമിനാരിയില്‍ പഠിച്ചിരുന്ന എല്ലാ വൈദികരും ഒരുമിച്ചുകൂടി അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ വിജയപുരം ബിഷപ് ഡോ.സെബാ
സ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വചനസന്ദേശം നല്‍കും.
ഉച്ചയ്ക്ക് 1.40ന് അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ പെനാക്കിയോയ്ക്കു സ്വീകരണം. തുടര്‍ന്ന് അലുമ്നി അസോസിയേഷന്റെ വാര്‍ഷികയോഗം.
26നു രാവിലെ ഒമ്പതിന് ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോയുടെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും
10.45നു നടക്കുന്ന പൊതുസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ മുഖ്യപ്രഭാഷണം നടത്തും. കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷതവഹി ക്കും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.വി. തോമസ് എംപി, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ റവ.ഡോ.ജേക്കബ് പ്രസാദ്, മംഗലപ്പുഴ സെമിനാരി റെക്ടര്‍ റവ.ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ.ഡോ. ചാക്കോ പുത്തന്‍പുരയ്ക്കല്‍, കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, സിടിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റര്‍ പേഴ്സി, കാര്‍മല്‍ഗിരി വൈസ് റെക്ടര്‍ റവ.ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രസംഗിക്കും.
Source: Deepika