News >> രോഗീപരിചരണം അതുല്യമായ സേവനപാത : പാപ്പാ ഫ്രാന്‍സിസ്


ജീവന്‍റെ ശുശ്രൂഷയും മാനസികവും ശാരീരികവുമായ വ്യഥകള്‍ അനുഭവിക്കുന്നവര്‍ക്കു നല്കുന്ന ശുശ്രൂഷയും സമാനതകളില്ലാത്ത സേവനപാതയാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

നവംബര്‍ 19-ാം തിയതി വ്യാഴാഴ്ച "ആരോഗ്യപരിപാലകരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍" സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തെ വത്തിക്കാനില്‍ അഭിസംബോധനചെയ്തു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. കാരുണ്യത്തിന്‍റെ ഈ ജൂബിലിവര്‍ഷത്തില്‍ ജീവനോടും രോഗികളായവരോടുമുള്ള സഭയുടെ സമീപനത്തില്‍ സേവനത്തിനുപരിയായ സഹാനുഭാവത്തിന്‍റെ മനോഭാവം വളര്‍ത്തിയെടുക്കണമെന്ന് ആരോഗ്യപരിപാലന മേഖലയിലുള്ള 500-ല്‍ ഏറെ വരുന്ന രാജ്യാന്തര പ്രതിനിധികളെ പാപ്പാ ഉദ്ബോധിപ്പിച്ചു.

ആതിഥേയത്വം, കാരുണ്യം, സഹാനുഭാവം, ക്ഷമ എന്നിവയിലൂടെ ആരോഗ്യപരിപാലനയുടെ ഒരു സംസ്കൃതി സഭയില്‍ എപ്രകാരം വളര്‍ത്തണമെന്ന് ജീവന്‍റെ സുവിശേഷം (Evengelium Vitae) എന്ന സഭയുടെ പ്രബോധനം ഉദ്ബോധിപ്പിക്കുന്നത് പാപ്പാ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

എപ്പോഴും തന്നെ സമീപിച്ച പാവങ്ങളായ ജനാവലിയോട് ക്രിസ്തു സ്വീകരിച്ച മനോഭാവം കാരുണ്യത്തിന്‍റേതായിരുന്നു. പ്രത്യേകിച്ച് രോഗികളും, പീഡിതരും, പാപികളും, ബാധയുള്ളവരും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും, പരദേശികളുമായവരോട് അവിടുന്ന് സദാ കരുണാര്‍ദ്രനായിരുന്നെന്ന് പ്രഭാഷണത്തില്‍ പാപ്പാ എടുത്തുപറഞ്ഞു.  എന്നും സംരക്ഷിക്കപ്പെടേണ്ട ജീവന്‍റെ അഭംഗുരമായ കല്പനയുടെ നവമായ ആവശ്യങ്ങളാണ് മേല്‍പ്രസ്താവിച്ച കാരുണ്യത്തിന്‍റെ മനോഭാവമെന്ന് പാപ്പാ ആവര്‍ത്തിച്ചു പ്രസ്താവിച്ചു. 

ക്രിസ്തു പഠിപ്പിക്കുന്ന ആതുരശുശ്രൂഷയുടെ പാഠം കണക്കിലെടുക്കുമ്പോഴാണ് നമുക്കതിന്‍റെ ആഴവും വ്യാപ്തിയും മനസ്സിലാകുന്നത്. കാരണം, സ്വന്തം സഹോദരനെയോ കുടുംബത്തെയോ പരിപാലിക്കുന്നതായിരുന്നില്ല അത്. സഹായം തേടുന്നവന്‍ ശത്രുവോ വിജാതീയനോ ആയിരുന്നാലും, എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറം ക്രിസ്തു തന്‍റെ സാന്ത്വന-സൗഖ്യദാനവുമായി കടന്നുചെല്ലുമായിരുന്നു. അങ്ങനെ സുവിശേഷത്തിലെ 'നല്ല സമറിയക്കാരന്‍' ക്രിസ്തുതന്നെയാണെന്ന്  നാം മനസ്സിലാക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സൃഷ്ടിയുടെ സുവിശേഷത്തെക്കുറിച്ചും പാപ്പാ പ്രഭാഷണത്തില്‍‍ പരാമര്‍ശിച്ചു. ദൈവം നമുക്കു തന്ന പൊതുഭവനമാണ് ഭൂമി. അതു എല്ലാവര്‍ക്കുമുള്ളതാണ്. വരുംതലമുറകള്‍ക്കും അതില്‍ അവകാശമുണ്ട്. അതിനാല്‍ നാളത്തെ പൗരന്മാര്‍ക്കും, തലമുറയ്ക്കും ഉപയുക്തമാകുന്ന വിധത്തില്‍ അതിനെ ഉപയോഗിക്കേണ്ടത് ഭാവിയോടുള്ള കരുതലാണെന്ന് പാപ്പാ പ്രസ്താവിച്ചു.

മനുഷ്യന്‍റെ ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്ക് ഒരു പാരിസ്ഥിതിക മാനമുണ്ടെന്നും, മാനവകുലത്തിന്‍റെ പുരോഗതിക്കും സ്ഥായിയായ നന്മയ്ക്കും ഈ സമഗ്ര വീക്ഷണം അനിവാര്യമാണെന്നും ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.

Source: Vatican Radio