News >> ജൂബിലി വര്‍ഷത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന്‍റെ കത്ത്


നവംബര്‍ 19-ാം തിയതി വ്യാഴാഴ്ച ഭാരതത്തിലെ ലത്തീന്‍ ഹയരാര്‍ക്കിയുടെ ബാംഗളൂര്‍ ആസ്ഥാനത്തുനിന്നും അയച്ച സര്‍ക്കുലറിലാണ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇന്ത്യയിലെ വിശ്വാസികളെ ഇങ്ങനെ അനുസ്മരിപ്പിച്ചത്.

ഡിസംബര്‍ 8-ാം തിയതി അമലോത്ഭവ തിരുനാളില്‍ തുടങ്ങി 2016 നവംബര്‍ 20-ാം തിയതി ക്രിസ്തുരാജന്‍റെ തിരുനാളില്‍ സമാപിക്കുന്ന  കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ അനുഷ്ഠിക്കേണ്ട പ്രായോഗിക കാര്യങ്ങള്‍ കര്‍ദ്ദിനാള്‍ സര്‍ക്കുലറില്‍ എണ്ണിപ്പറയുന്നുണ്ട്. ഭാരതസഭയുടെ വിശ്വാസം ബലപ്പെടുത്തുവാന്‍ സഭാനേതൃത്വവും വിശ്വാസികളും എങ്ങനെ ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെ ഉപകരണങ്ങളാകണമെന്നും, അതുവഴി നവീകൃതരാകണമെന്നും സര്‍ക്കുലറിലൂടെ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമായി ഉദ്ബോധിപ്പിക്കുന്നു.

കാരുണ്യം സഭാജീവിതത്തിന്‍റെ അടിത്തറയാണ്. ഡിസംബര്‍ 13-ാം തിയതി, ആഗമനകാലത്തിലെ മൂന്നാം ഞായറാഴ്ചയാണ് പ്രാദേശിക സഭാസമൂഹങ്ങളില്‍ ജൂബിലി കവാടങ്ങള്‍ തുറക്കേണ്ടതെന്ന കാര്യം കര്‍ദ്ദിനാള്‍ എല്ലാവരെയും അനുസ്മരിപ്പിച്ചു. ദൈവം നമുക്ക് ഇന്നും നല്കുന്ന കാരുണ്യത്തിന്‍റെയും, നമ്മോട് അവിടുന്നു കാണിക്കുന്ന അനന്തമായ ക്ഷമയുടെയും കവാടമാണതെന്നും കര്‍ദ്ദിനാള്‍ ഉദ്ബോധിപ്പിച്ചു. 2016 നവംബര്‍ 20-ാം തിയതി ജൂബിലി കവാടം അടയ്ക്കപ്പെടും.

ക്രിസ്തുവിന്‍റെ ശിഷ്യഗണത്തിന്‍റെ അടയാളമായിരിക്കണം കാരുണ്യപ്രവൃത്തികള്‍ : സംശയാലുക്കളുടെ സംശയം മാറ്റുക, അറിവില്ലാത്തവരെ പഠിപ്പിക്കുക, പാപികളെ മാനസാന്തരപ്പെടുത്തുക, വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുക, അപരന്‍റെ തെറ്റുകള്‍ ക്ഷമിക്കുക, നമ്മോടു മോശമായി പെരുമാറുന്നവരോട് പൊറുക്കുക, മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുക. ഇക്കാര്യങ്ങള്‍ സ്വയം ചെയ്യുകയും, മറ്റുള്ളവര്‍ അവ ചെയ്യുന്നതിന് പ്രചോദിപ്പിക്കുകയും ചെയ്യണമെന്നും,  ജൂബിലിയ്ക്ക് പാപ്പാ നല്കിയ ആരംഭപ്രബോധനത്തെ ആധാരമാക്കി കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ഒപ്പം, ശാരീരികമായ കാരുണ്യ പ്രവര്‍ത്തികളും മറന്നുപോകരുതെന്നും കര്‍ദ്ദിനാള്‍ അനുസമരിപ്പിക്കുന്നുണ്ട്. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കുക, ദാഹിക്കുന്നവര്‍ക്ക് കുടിക്കാന്‍ കൊടുക്കുക, നഗ്നരെ ഉടുപ്പിക്കുക, പരദേശികളെ സ്വീകരിക്കുക, രോഗികളെ പരിചരിക്കുക, ജയിലില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കുക, മരിച്ചവരെ അടക്കംചെയ്യുക. ജ്ഞാനസ്നാനം സ്വീകരിച്ചവര്‍  ജീവിതത്തില്‍ അനുദിനം കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യണം, പ്രത്യേകിച്ച് ജൂബിലി വത്സരത്തില്‍.

വിശുദ്ധ വത്സരത്തില്‍ തീര്‍ത്ഥാടനത്തിന് പ്രത്യേക സ്ഥാനമുണ്ടെന്ന് സര്‍ക്കുലര്‍ അനുസ്മരിപ്പിക്കുന്നു. മാനസാന്തരത്തിലേക്കുള്ള പ്രചോദനവും ദൈവകരുണ തേടുന്ന പാതയുമാണത്.

ജൂബിലി വത്സരത്തിലെ  നോമ്പുകാലം ദൈവാനുഗ്രഹത്തിന്‍റെ സവിശേഷദിനങ്ങളാണ്. വചനപാരായണത്തിലൂടെയും ധ്യാനത്തിലൂടെയും കൂടുതല്‍ ദൈവത്തിലേയ്ക്ക് അടുക്കാന്‍ പരിശ്രമിക്കാം. വചനധ്യാനത്തിലൂടെ കരുണാമയനായ ദൈവത്തെ അറിയുവാനും അവിടുത്തോട് അടുക്കുവാനും സാധിക്കട്ടെ! 

Source: Vatican Radio