News >> സൃഷ്ടിയുടെ സംരക്ഷണം എല്ലാവരുടേയും ഉത്തരവാദിത്വമെന്ന് പാപ്പാ ഫ്രാന്‍സിസ്
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ഇറ്റലിയിലെ റിയേത്തിയില്‍ നവംബര്‍ 19-ാം തിയതി വ്യാഴാഴ്ച സമ്മേളിച്ച ശാസ്ത്രജ്ഞന്മാരുടെയും മാധ്യമ വിദഗ്ദ്ധരുടെയും രാജ്യാന്തര സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് മനുഷ്യന്‍റെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുന്നതില്‍ എല്ലാവര്‍ക്കുമുള്ള പങ്കിനെക്കുറിച്ച് പാപ്പാ അനുസ്മരിപ്പിച്ചത്.നാം സംരക്ഷിക്കേണ്ട പൊതുഭവനമാണു ഭൂമി എന്ന അവബോധം ശാസ്ത്രലോകവും മാധ്യമലോകവും സഹകരിച്ച് ഭരണകര്‍ത്താക്കളിലും ജനങ്ങളിലും വളര്‍ത്താനായാല്‍ സുസ്ഥിതിയുള്ള പാരിസ്ഥിതിക പരിസരം നിലനിര്‍ത്താനാകുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ താല്പര്യമെടുത്തു സംഘടിപ്പിച്ചതാണ് പാരിസ്ഥിതിക സംരക്ഷണത്തില്‍ കുടുംബങ്ങള്‍ക്കുള്ള ഉത്തരവാദിത്വത്തെ സംബന്ധിച്ച സമ്മേളനം. ശാസ്ത്രജ്ഞന്മാരോടും മാധ്യമപ്രവര്‍ത്തകരോടുമൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും യുവജനങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം ഇറ്റലിയുടെ പ്രകൃതിരമണീയമായ റിയേത്തിയിലാണ് (നവംബര്‍ 18-20) നടന്നത്. സൃഷ്ടിയുടെ സംരക്ഷണ പ്രക്രിയയില്‍ വ്യാപൃതരായിരിക്കുന്ന ശാസ്ത്രജ്ഞന്മാരെയും സാമൂഹ്യനേതൃത്വത്തെയും ലോകനാഥയായ പരിശുദ്ധ കന്യകാമറിയവും പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസും അനുഗ്രഹിക്കട്ടെയെന്നും പാപ്പാ സന്ദേശത്തില്‍ ആശംസിച്ചു. കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പാലിയവഴിയാണ് പാപ്പാ സമ്മേളനത്തിന് സന്ദേശം അയച്ചത്.Source: Vatican Radio